ദീപം തെളിയിക്കുന്നതിന് പകരം പാവപ്പെട്ടവരുടെ അടുപ്പ് കത്തിക്കാനുള്ള വഴികള്‍ കണ്ടെത്തൂ, പ്രധാന മന്ത്രിയുടെ ആഹ്വാനം വെറും പരിഹാസം മാത്രം; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ബാധിച്ച കൊറോണയെന്ന ഇരുട്ടിനെ അകറ്റാന്‍ ഏപ്രില്‍ അഞ്ചിന് എല്ലാവരും വീടുകളില്‍ ചെറുദീപങ്ങള്‍ തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്ത്. പ്രതീകാത്മക നടപടികളല്ലാതെ എന്തുകൊണ്ട് പ്രശ്‌നങ്ങള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ പ്രധാനമന്ത്രിക്കുനേരെ ചോദ്യമുയര്‍ത്തി.

ദീപങ്ങള്‍ തെളിയിക്കുന്നതിലൂടെ കൊറോണ എന്ന ഭീഷണിയുടെ ഇരുട്ട് നമ്മള്‍ മായ്ക്കണമെന്നും ഇതിനായി ടോര്‍ച്ച് ലൈറ്റോ, മൊബൈല്‍ ഫ്‌ളാഷോ, മെഴുകുതിരിയോ ചിരാതുകളോ തെളിയിക്കണമെന്നുമായിരുന്നു മോഡി പറഞ്ഞത്. ഇതിന് പിന്നാലെ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം, ശശി തരൂര്‍ എംപി, എന്‍സിപി നേതാവ് നവാബ് മാലിക്ക് തുടങ്ങി നിരവധി നേതാക്കളാണ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.

ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയില്‍ നിന്നും പ്രതീക്ഷിച്ച ഉത്തരങ്ങളല്ല അദ്ദേഹം പറഞ്ഞതെന്നും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ പഴയ രീതിയിലാക്കാനുള്ളതും സാമ്പത്തിക രംഗത്തെ എങ്ങനെ പടുത്തുയര്‍ത്തും എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് പണക്കാര്‍ മുതല്‍ പാവപ്പെട്ടവര്‍ വരെ പ്രതീക്ഷിച്ചിരുന്നതെന്നും മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞു.

പ്രധാനമന്ത്രിയുടെ വാക്കുകളില്‍ ജനങ്ങള്‍ നിരാശരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്ഡൗണിന് ശേഷം രാജ്യം അഭിമുഖീകരിച്ച പ്രശ്നങ്ങളെക്കുറിച്ചും ഭാവികാര്യങ്ങളെക്കുറിച്ചും നരേന്ദ്രമോഡി പറഞ്ഞിട്ടില്ലെന്നും ഇന്ത്യയുടെ ഫോട്ടോ ഓഫ് പ്രധാനമന്ത്രിയുടെ വെറുമൊരു ഫീല്‍ ഗുഡ് അവതരണം മാത്രമായിരുന്നു ആ സന്ദേശമെന്നും ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തു.

യാഥാസ്ഥികനാകൂ എന്നും വ്യാജങ്ങള്‍ പടച്ച് മാധ്യമങ്ങളില്‍ ഇടം പിടിക്കാതെ പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യാനും ടിഎംസി എംപി മഹ്വ മൊയ്ത്ര ട്വീറ്റ് ചെയ്തു. ദീപം തെളിയിക്കുന്നതിന് പകരം പാവപ്പെട്ടവരുടെ അടുപ്പ് കത്തിക്കാനുള്ള വഴികള്‍ കണ്ടെത്തൂ എന്നും പ്രധാന മന്ത്രിയുടെ ആഹ്വാനം പാവപ്പെട്ടവര്‍ക്ക് നേരെയുള്ള പരിഹാസമാണെന്നും ഇതെല്ലാം രാഷ്ട്രീയ തന്ത്രങ്ങള്‍ മാത്രമാണെന്നുമായിരുന്നു എന്‍സിപി നേതാവ് നവാബ് മാലിക്കിന്റെ വിമര്‍ശനം.

Exit mobile version