ഭോപ്പാല്‍: കൊറോണ ഭീഷണിയില്‍ കഴിയുന്ന രാജ്യത്തിന് വേണ്ടി സ്വന്തം ജീവനും സുരക്ഷയും മറന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നിരവധി സ്ഥലങ്ങളില്‍ നിന്നും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. കൊറോണ രോഗലക്ഷണങ്ങള്‍ പരിശോധിക്കാനായി എത്തിയ ഡോ. സാക്കിയ സായിദ് ഉള്‍പ്പെടുന്ന ആരോഗ്യ സംഘത്തെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെച്ച് പരിസരവാസികള്‍ കല്ലെറിഞ്ഞ് ഓടിച്ചിരുന്നത് വലിയ വാര്‍ത്തയായിരുന്നു.
എന്നാല്‍ ജനങ്ങളില്‍ നിന്നുമുള്ള ഇത്തരത്തിലുള്ള പ്രതികരണങ്ങളൊന്നും വകവെയ്ക്കാതെ വീണ്ടും കൊറോണ പരിശോധനക്കായി ഇറങ്ങിയിരിക്കുകയാണ് ഡോ. സാക്കിയയും സംഘവും. പരിക്കുകളുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലി ചെയ്യാതിരിക്കാനാവില്ലെന്ന് ഡോ. സാക്കിയ സയിദ് പറഞ്ഞു.
കൊറോണ രോഗലക്ഷണങ്ങള്‍ പരിശോധിക്കാനായാണ് ഞങ്ങള്‍ വീടുകള്‍ കയറിയിറങ്ങിയിരുന്നത്. കൊറോണ വൈറസ് ബാധിച്ച ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് സംശയിക്കുന്നവര്‍ ആ ഏരിയയിലുണ്ടെന്ന വിവരപ്രകാരം കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങള്‍ പരിശോധനയിലാണെന്നും അതിനിടെയാണ് ഇതുവരെ അനുഭവിക്കാത്ത കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയസായ ഒരു സ്ത്രീയോട് സംസാരിക്കുന്നതിനിടെ ഒരു കൂട്ടം ജനങ്ങള്‍ എത്തുകയും ഞങ്ങള്‍ക്ക് നേരെ കല്ലെറിയുകയുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കല്ലേറില്‍ സാക്കിയയടക്കം രണ്ട് ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. പരിക്കുകളുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഈ സാഹചര്യത്തില്‍ ജോലി ചെയ്‌തേ മതിയാവു എന്ന് ഡോ. സാക്കിയ സയിദ് പറഞ്ഞു.
രാജ്യത്തൊട്ടാകെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമണങ്ങളില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് കേന്ദ്രം സംസ്ഥാന പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് പറഞ്ഞു.