‘അടിയന്തിര സാഹചര്യങ്ങളെ ഏഴ് വര്‍ഷമായി നേരിട്ടിട്ടുള്ള പരിചയമുണ്ട്, എന്നെ കൊറോണ വാര്‍ഡില്‍ നിയമിക്കണം, അഭ്യര്‍ത്ഥിക്കുകയാണ്’; കൊറോണ വാര്‍ഡിലെ ഡ്യൂട്ടി ചോദിച്ചുവാങ്ങിയ കനിഷ്‌ക് യാദവ് തന്നെയാണ് യഥാര്‍ത്ഥ ഹീറോയെന്ന് ലോകം

ന്യൂഡല്‍ഹി: ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍ തുടങ്ങി കൊറോണ ഭീതിയ്ക്കിടയിലും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ നിരവധിയാണ്. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന് പ്രധാന്യം നല്‍കാതെ തൊഴിലെടുക്കുന്ന ഒരുപാട് ഹീറോകളെ ഈ കൊറോണക്കാലത്ത് കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

അത്തരത്തില്‍ ഈ വിഷമഘട്ടത്തില്‍ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തന്നെ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊറോണ വാര്‍ഡ് ഡ്യൂട്ടി ചോദിച്ചുവാങ്ങിയ ഒരു നഴ്‌സിങ് ഉദ്യോഗസ്ഥനെയാണ് ഈ കൊറോണക്കാലത്തെ യഥാര്‍ത്ഥ ഹീറോയായി നാടാകെ വാഴ്ത്തുന്നത്.

എയിംസി(ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്)ലെ പുരുഷ നഴ്‌സായ കനിഷ്‌ക് യാദവാണ് കൊറോണ വാര്‍ഡിലേക്ക് തന്നെ ഡെപ്യൂട്ടേഷനില്‍ ഇടണമെന്ന് അഭ്യര്‍ഥിച്ച് എയിംസ് അഡ്മിനിസ്‌ട്രേഷന് കത്ത് നല്‍കിയിരിക്കുകയാണ്. കൊറോണ വാര്‍ഡിലുള്ള തന്റെ ടീമിന് പിന്തുണ നല്കാന്‍ തന്നെ കൂടി വാര്‍ഡില്‍ നിയമിക്കണമെന്ന് കനിഷ്‌ക് കത്തില്‍ ആവശ്യപ്പെട്ടു.

‘അടിയന്തിര സാഹചര്യങ്ങളെ ഏഴ് വര്‍ഷമായി നേരിട്ടിട്ടുള്ള പരിചയമുണ്ട് എനിക്ക്. കൊറോണ 19 ട്രോമ സെന്റര്‍ വാര്‍ഡില്‍ തന്നെ നിയമിക്കണം. ഈ സമയത്ത് കൊറോണ വാര്‍ഡില്‍ എന്നെ നിയമക്കുന്നതിലൂടെ ടീം അംഗങ്ങളെ മാത്രമല്ല വിഷാദം ബാധിച്ച രോഗികളെ കൗണ്‍സിലര്‍ എന്ന നിലയ്ക്കും എനിക്ക് സേവിക്കാനാവും’ എന്ന് കനിഷ്‌ക് കത്തില്‍ കുറിച്ചു.

‘അവിടെ ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നതിലൂടെ എനിക്ക് മാത്രമല്ല എന്റെ മുഴുവന്‍ നഴ്‌സിങ് ഉദ്യോഗസ്ഥര്‍ക്കും അത് പ്രോത്സാഹനമാകും. കൊറോണ വാര്‍ഡില്‍ നിയമിക്കണമെന്ന് എയിംസ് അഡ്മിനിസ്‌ട്രേഷനോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്’, എന്നായിരുന്നു കത്തിലെ വരികള്‍. കനിഷ്‌കിന്റെ മാതൃകാപരമായ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് നാട് ഒന്നടങ്കം.

Exit mobile version