ജയ്പൂര്‍: രാജസ്ഥാനില്‍ മോഹന വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. അഞ്ച് വര്‍ഷം കൊണ്ട് 50 ലക്ഷം തൊഴില്‍ എന്നതാണ് പ്രധാന വാഗ്ദാനം. സ്ത്രീ സുരക്ഷക്കായി പ്രത്യേക നിയമം കൊണ്ടുവരുമെന്നും ബിജെപി വ്യക്തമാക്കി. സംസ്ഥാനത്ത് യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രചരണത്തിന് തുടക്കം കുറിച്ചു.
ജയ്പൂരില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും മുഖ്യമന്ത്രി വസുന്ധര രാജെയും അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. 2013 ലെ പ്രകടന പത്രികയില്‍ നല്കിയ 655 വാഗ്ദാനങ്ങളില്‍ 630 എണ്ണവും പാലിച്ചെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ അവകാശപ്പെട്ടു. 2018 ലും ഇത് തുടരുമെന്ന് വസുന്ധര പറഞ്ഞു.
സ്വകാര്യ മേഖലയില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം തൊഴില്‍ അവസരവും, ഓരോ വര്‍ഷവും പൊതു മേഖലയില്‍ 30,000 തൊഴില്‍ അവസരവും സൃഷ്ടിക്കും. ഉന്നത വിദ്യാഭ്യാസം ലഭിച്ചിട്ടും തൊഴില്‍ ലഭിക്കാത്ത 21 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് 5000 രൂപ തൊഴില്‍ രഹിത വേതനവും, പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം, ആരോഗ്യ പരിശോധന, ലാപ്ടോപ്പുകള് തുടങ്ങിയവ ഉറപ്പ് വരുത്തുമെന്നും ബിജെപി വ്യക്തമാക്കി. അതേ സമയം കാര്‍ഷിക പ്രതിസന്ധി രൂക്ഷമായ സംസ്ഥാനത്ത് കര്‍ഷകരെ സ്വാധീനിക്കാനുള്ള കാര്യമായ വാഗ്ദാനം പത്രികയില്‍ ഇല്ല. അടുത്ത മാസം ഏഴിനാണ് സംസ്ഥാന തെരഞ്ഞെടുപ്പ്.
Discussion about this post