ന്യൂഡൽഹി: കൊറോണ വൈറസിനെതിരെ ഇന്ത്യ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ലോകാരോഗ്യ സംഘടന. രാജ്യത്ത് രോഗം റിപ്പോർട്ട് ചെയ്ത പ്രാരംഭഘട്ടത്തിൽ തന്നെ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ഇന്ത്യൻ നടപടിയെ പ്രശംസിക്കുകയായിരുന്നു ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. ദേവിഡ് നവബാരോ.
കോവിഡ് 19 നെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ വൈകിയാൽ എന്തുസംഭവിക്കും എന്നതിന്റെ ഉദാഹരണമാണ് യുഎസും ഇറ്റലിയുമെന്നും ഡോ. ഡേവിഡ് നവബാരോ അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ വേഗത്തിൽ നാം പ്രതികരിച്ചാൽ അതിന്റെ വ്യാപനം കൂടുതൽ നമുക്ക് തടയാൻ കഴിയും എന്നുള്ളതാണ് ഈ അസുഖവുമായി ബന്ധപ്പെട്ട ഒരു കാര്യം. മുമ്പ് പല അവസരങ്ങളിലും ഉദാഹരണങ്ങളിലൂടെ ഇന്ത്യ നയിച്ചിരുന്നു. പഞ്ചായത്ത് തലത്തിൽ നിന്നുതുടങ്ങി വിവിധ സമൂഹത്തിൽ നിന്നുള്ള വിവര ശേഖരണത്തിനായി ഏർപ്പെടുത്തിയ ഇൻഫർമേഷൻ നെറ്റ് വർക്ക് വളരെ ഫലപ്രദമാണെന്നും ഡോ.ഡേവിഡ് പറഞ്ഞു.
ഡാറ്റയിൽ നിന്ന് സർക്കാരിന് ഹോട്ട്സ്പോട്ടുകൾ കണ്ടെത്താനാകും. അതുവഴി ഹോട്ട് സ്പോട്ടുകളിൽ ലോക്ക് ഡൗൺ തുടരാനും മറ്റുള്ള ഇടത്ത് അത് റദ്ദാക്കാനും സാധിക്കും. വീണ്ടും ഒരു ലോക്ഡൗൺ നടപ്പാക്കുക എന്ന് പറയുന്നത് വേദനയുള്ള കാര്യമാണ്. പക്ഷേ വൈറസിനെ നിയന്ത്രിക്കാൻ എന്താണോ നല്ലത് അത് ചെയ്യേണ്ടതുണ്ട്. വേഗത അതിപ്രധാനമാണെന്നും അദ്ദേഹം ഇന്ത്യ ഏർപ്പെടുത്തിയ 21 ദിവസത്തെ ലോക്ക് ഡൗൺ മതിയായതാണോ എന്ന ചോദ്യത്തോട് പ്രതികരിച്ചു.
കൊറോണ വ്യാപനത്തിൽ ചൈനയെ വിമർശിക്കാൻ ഇതല്ല സമയമെന്നായിരിന്നു ഡോ.ഡേവിഡിന്റെ പ്രതികരണം. ചരിത്രം എഴുതപ്പെടുമ്പോൾ ഈ മഹാമാരിയെ നിയന്ത്രിക്കാൻ എത്ര വേഗത്തിൽ നാം പ്രതികരിച്ചു എന്നുള്ളത് വിലയിരുത്തപ്പെടും. ഇതെല്ലാം എങ്ങനെയാണ് ആരംഭിച്ചത് എന്നും അതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചുമെല്ലാം തിട്ടപ്പെടുത്താൻ സമയം വരും. ഇപ്പോഴല്ല അതിനുള്ള സമയം. എല്ലാ ലോകനേതാക്കളോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഇതാണ്. ഈ സമയം, നമ്മളെല്ലാവരും കാണാനാകാത്ത ഈ ശത്രുവിനെതിരെ പോരാടാൻ പരസ്പരം സഹായിക്കേണ്ട സമയമാണ് എന്നാണ്- അദ്ദേഹം പറഞ്ഞു നിർത്തുന്നു.
Discussion about this post