കൊവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രത്തിന് സാധിക്കുമെന്ന് ഉറച്ച് വിശ്വസിച്ച് ഈ ജനത; ഗുജറാത്തിൽ ദിവസവും വിറ്റഴിക്കുന്നത് ആയിരക്കണക്കിന് ലിറ്റർ ഗോമൂത്രം

ഗാന്ധിനഗർ: കൊറോണ ഇന്ത്യയെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നതിനിടെ അശാസ്ത്രീയമായ പ്രചാരണങ്ങൾ സാധാരണക്കാരായ ജനങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. ഗോമൂത്രത്തിനും ചാണകത്തിനും കൊവിഡിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് വിളിച്ചുപറഞ്ഞ ബിജെപി എംപിമാർ ഉൾപ്പടെയുള്ള നേതാക്കന്മാരെ വിശ്വസിച്ച് ഗുജറാത്തിലെ ജനത. ആയിരക്കണക്കിന് ലിറ്റർ ഗോമൂത്രമാണ് ഗുജറാത്തിൽ വിറ്റുപോവുന്നത്. വാങ്ങിക്കൊണ്ടു പോകുന്നവരാകട്ടെ കൊററോണയെ ഗോമൂത്രം പ്രതിരോധിക്കുമെന്നും വിശ്വസിച്ചു.

അതേസമയം, ലോക്ക്ഡൗൺ കാരണം രാജ്യത്തെ മറ്റിടങ്ങളിലെ ക്ഷീര കർഷകർ പ്രതിസന്ധിയിലായപ്പോൾ ഗുജറാത്തിലെ കർഷകർക്ക് നല്ലകാലം തെളിയുകയാണ് ഇതിലൂടെ സംഭവിച്ചത്. ചെയ്തത്. പശുക്കളുടെ പാല് ഒഴുക്കി കളയേണ്ട അവസ്ഥ വന്നെങ്കിലും ഗോമൂത്രത്തിന് നല്ല ഡിമാന്റാണ്. ഗോശാലകളിലെത്തി പണം കൊടുത്ത് ഗോമൂത്രം വാങ്ങിക്കുടിക്കുകയാണ് നാട്ടുകാർ.

ഓരോ ദിവസവും 6000 ലിറ്റർ വരെ ഗോമൂത്രമാണ് വിറ്റുപോകുന്നതെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭ് കത്തേരിയ പറഞ്ഞതെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കുടിക്കാൻ വേണ്ടി മാത്രമല്ലത്രെ ആളുകൾ ഇത് വാങ്ങുന്നത്. ബോഡി സപ്രേ ഉണ്ടാക്കാനും മറ്റും ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് വല്ലഭ് കത്തേരിയ പറയുന്നത്. സൂക്ഷ്മ വൈറസുകളെ പ്രതിരോധിക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ദഹനം മെച്ചപ്പെടുത്തുക, ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കുക തുടങ്ങി ഗുണങ്ങൾ ഏറെയാണിതിനെന്ന് അദ്ദേഹം അവകാശപ്പെടുന്നു. 4000 ഗോശാലകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 500 ഗോശാലകൾ ചേർന്നാണ് ഗോമൂത്രം ശേഖരിക്കുന്നതും കുപ്പികളിൽ സംഭരിക്കുന്നതും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 നെ പ്രതിരോധിക്കാൻ ഗോമൂത്രം ഉത്തമമാണെന്ന രീതിയിൽ സംഘപരിവാർ പ്രചാരണം ശക്തമായിരുന്നു. ബിജെപിയുടെ നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ ഇത്തരം പരസ്യപ്രസ്താവനകൾ നടത്തുകയും ഗോമൂത്ര പാർട്ടികൾ ഉൾപ്പെടെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Exit mobile version