കാശ്മീര്‍: മനുഷ്യന് അതിജീവിക്കാനുള്ളതാണ്. ഏത് പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്ത് മുന്പോട്ട് പോകുവാനുള്ള കഴിവ് മനുഷ്യ വര്‍ഗത്തിന് ഉണ്ട്. അതിന് തെളിവാണ് ജമ്മു കാശ്മീരിലെ പര്‍വീണ്‍ അക്തര്‍ എന്ന അമ്മയും അവരുടെ രണ്ട് മക്കളും. താന്‍ നേരിട്ട എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് രണ്ട് മക്കളെയും സിവില്‍ സര്‍വീസില്‍ എത്തിച്ചിരിക്കുകയാണ് പര്‍വീണ്‍. കൊറോണ കാലത്തെ ഭയന്ന് ഒതുങ്ങിക്കൂടുന്നവര്ക്കും കൂടി ധൈര്യവും ആത്മവിശ്വാസവും പകരുന്നതാണ് ഈ അമ്മയുടെ ജീവിതം.
ഭര്‍ത്താവിന്റെ രോഗവും ദാരിദ്ര്യവും പണമില്ലായ്മയുമെല്ലാം കഷ്ടപ്പെടുത്തിയിട്ടും തളരാതെ പിടിച്ചുനിന്നു തന്റെ രണ്ടു മക്കളെയും സിവില്‍ സര്‍വീസുകാരാക്കിയാണ് ഈ അമ്മ തന്റെ വിജയം നേടിയത്. ജീവിതം പോരാടി വിജയിച്ച പര്‍വീണിന്റെ മകള്‍ ഡോ. രഹാന ബഷീര്‍ ഐഎഎസ് ഉദ്യോഗസ്ഥയും മകന് അമീര്‍ ബഷീര്‍ ഐആര്‍എസ് ഉദ്യോഗസ്ഥനുമാണ്. ജമ്മുവില്‍ സ്റ്റേറ്റ് ഫോറസ്റ്റ് കോര്‍പറേഷനില്‍ മോട്ടര്‍ മെക്കാനിക്കായിരുന്നു പര്‍വീണിന്റെ ഭര്‍ത്താവ് മുഹമ്മദ് ബഷീര്‍. പര്‍വീണ്‍ കൃഷിവകുപ്പില്‍ ഹെഡ് അസിസ്റ്റന്റ് ആയി ജോലി ചെയ്ത് വരികയായിരുന്നു. രണ്ടാമത്തെ മകന് അമീറിന് പത്തു വയസ്സുള്ളപ്പോഴാണ് ബഷീറിന് മോട്ടര്‍ ന്യൂറോണ്‍ രോഗം പിടിപെടുന്നത്.
നേരത്തെകണ്ടു പിടിക്കാനാവാത്തതിനാല്‍ രോഗം പെട്ടെന്ന് തന്നെ മൂര്‍ച്ഛിക്കുകയും ചെയ്തു. അമീറും രഹാനയും ഉള്‍പ്പെടെ മൂന്ന് കുട്ടികള്‍, അവരുടെ പഠനച്ചെലവ്, ഭര്‍ത്താവിന്റെ ചികിത്സ, എല്ലാ ബാധ്യതയും പര്വീണിന്മേല് വന്ന് പതിച്ചു. ഇതോടെ ഇവര്‍ മാനസികമായും സാമ്പത്തികമായും തകര്‍ന്ന് പോവുകയും ചെയ്തു. എന്നാല്‍ അവിടെ നിന്നും പര്‍വീണ്‍ പോരാടി. അച്ഛന്റെ രോഗാവസ്ഥയും അമ്മയുടെ കഷ്ടപ്പാടുകളും കണ്ടു വളര്‍ന്ന മക്കള്‍ക്കു മറ്റുള്ളവരുടെ വേദന എളുപ്പം പിടികിട്ടുമെന്നു പര്‍വീണ്‍ പറയുന്നു. വേദന അവരെ പക്വതയും സൂക്ഷ്മബോധവുമുള്ള മനുഷ്യരാക്കി മാറ്റിയതായും പര്‍വീണ്‍ കൂട്ടിച്ചേര്‍ത്തു.
2006ല്‍ അമീറിന് 13ഉം രഹാനയ്ക്ക് 14ഉം വയസ്സുള്ളപ്പോള്‍ ബഷീര്‍ മരണത്തിനു കീഴടങ്ങി. പിതാവിന്റെ മരണം സമ്മാനിച്ച ദുരിതത്തിനും ദുഃഖത്തിനുമിടയിലും അവര്‍ വാശിയോടെ പഠിച്ച് മുന്നേറി. പര്‍വീണിനു ജോലിയുണ്ടായിരുന്നെങ്കിലും അവരുടെ സാമ്പത്തിക പ്രയാസങ്ങള്‍ വര്‍ധിച്ചതേയുള്ളൂ. വിദ്യാഭ്യാസത്തിനായി ലോണുകളെടുത്തു. സ്കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ അമീറിന് മുന്നില്‍ രണ്ട് ഓപ്ഷനുകളുണ്ടായിരുന്നു ശ്രീനഗറിലെ എന്‍ഐടി, ജമ്മുവിലെ സാധാരണ എന്‍ജിനീയറിങ് കോളജ്. എന്‍ഐടിയില്‍ പ്രവേശനം ലഭിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ട് കാരണം അമീര്‍ തെരഞ്ഞെടുത്തത് ജമ്മുവിലെ കോളേജ് ആയിരുന്നു. കുട്ടികള്‍ക്ക് ട്യൂഷനൊക്കെ എടുത്ത് അമ്മയെ കഴിയുന്നതു പോലെ സഹായിക്കാന്‍ അമീര്‍ ശ്രമിക്കുകയും ചെയ്തു.
സമൂഹത്തിലൊരു മാറ്റമുണ്ടാക്കണമെന്ന ആഗ്രഹമാണ് യുപിഎസ്സി പരീക്ഷയെഴുതാന്‍ അമീറിനെ പ്രേരിപ്പിച്ചത്. ഇന്ത്യ പാക് പ്രശ്നത്തെ തുടര്‍ന്ന് നിരന്തരം ഷെല്ലിങ് നടക്കുന്ന മേഖലയിലായിരുന്നു അമീറിന്റെ മുത്തശ്ശിയും താമസിച്ചിരുന്നത്. മേഖലയിലെ ജനങ്ങളുടെ കഷ്ടപ്പാടുകളും സിവില്‍ സര്‍വീസിന്റെ ഭാഗമായി മാറ്റങ്ങള്‍ വരുത്തണമെന്ന അമീറിന്റെ ദൃഢനിശ്ചയത്തിന് ആക്കം കൂട്ടുകയും ചെയ്തു. 2017 ലാണ് സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ച് അമീര്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസിന്റെ ഭാഗമാകുന്നത്. സഹോദരന് എന്‍ജിനീയറിങ്ങിന് ശേഷമാണ് സിവില്‍ സര്‍വീസിലേക്ക് എത്തിയതെങ്കില്‍ മൂത്ത സഹോദരി രെഹാന മെഡിക്കല്‍ മേഖലയില്‍ നിന്നാണു സര്‍വീസിലേക്ക് എത്തുന്നത്. 2017ല്‍ സഹോദരനൊപ്പം യുപിഎസ്സി പരീക്ഷയ്ക്കിരുന്നെങ്കിലും ഡേ. രഹാനയ്ക്ക് വിജയിക്കാനായില്ല. 2018ല്‍ അഖിലേന്ത്യ തലത്തില്‍ 187-ാം റാങ്കോടെ ഐഎഎസിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇവരുടെ അധ്യാപകര്‍ ഇവര്‍ക്ക് മുന്നില്‍ ചോദ്യ ചിഹ്നമായി നിന്ന ജീവിതം തന്നെയായിരുന്നു.
Discussion about this post