യോഗിക്കും ശിവരാജ് ചൗഹാനും ഇല്ലാത്ത എഫ്‌ഐആര്‍ മൗലാന സഅദിനെതിരെ ഇടുന്നതെന്തിന്? പ്രധാനമന്ത്രി മറുപടി നല്‍കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്

ന്യൂഡല്‍ഹി: യോഗി ആദിത്യനാഥും ശിവരാജ് സിങ് ചൗഹാനും ലോക്ക്ഡൗണ്‍ ലംഘിച്ചപ്പോള്‍ മൗലാന സഅദിനെതിരെ മാത്രം എഫ്.ഐ.ആര്‍ ഇടുന്നത് എന്തിനെന്ന് നരേന്ദ്ര മോഡി മറുപടി നല്‍കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ട്വിറ്ററില്‍ കുറിച്ചത്.

കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതായി ബന്ധപ്പെട്ട് തബ്ലീഗ് നേതാവ് മൗലാന സഅദ് കാന്ധല്‍വിക്കെതിരെ മാത്രം കേസെടുത്തതിനെതിരെയാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രംഗത്ത് എത്തിയത്. ബിജെപി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥും ശിവരാജ് സിങ് ചൗഹാനും ലോക്ക്ഡൗണ്‍ ലംഘിച്ചപ്പോള്‍ മൗലാന കാന്ധല്‍വിക്കെതിരെ മാത്രം എഫ്‌ഐആര്‍ ഇടുന്നത് എന്തിനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മറുപടി നല്‍കണമെന്നാണ് ആസാദ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.

‘മൗലാന സഅദ് സാഹിബിനു മേല്‍ എഫ്‌ഐആര്‍ ഇട്ടവര്‍ യോഗി ആദിത്യനാഥിനോട് ചോദിക്കണം കൊറോണ ലോക്ക്ഡൗണ്‍ സമയത്ത് പരിവാരസമേതം എന്തിന് അയോധ്യയില്‍ പൂജ ചെയ്യാന്‍ പോയി എന്ന്. ലോക്ക് ഡൗണ്‍ ലംഘിച്ചാണ് ശിവരാജ് ചൗഹാന്‍ ആഢംബരപൂര്‍വം സത്യപ്രതിജ്ഞ ചെയ്തത്. എന്തേ ഇവര്‍ക്കു രണ്ടുപേര്‍ക്കുംമേല്‍ എഫ്‌ഐആര്‍ വേണ്ടേ? ഉത്തരം പറയൂ ശ്രീ ശ്രീ നരേന്ദ്ര മോഡി’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ഡല്‍ഹിയിലെ തബ്ലീഗ് ആസ്ഥാനമായ മര്‍ക്കസില്‍ സംഘം ചേര്‍ന്നവരില്‍ 11 പേര്‍ മരിക്കുകയും 200-ഓളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡല്‍ഹി പോലീസ് മൗലാന സഅദ് കാന്ധല്‍വിയടക്കം ഏഴുപേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മൗലാനക്കു പുറമെ ഡോ. സീഷാന്‍, മുഫ്തി ഷഹസാദ്, എം സെയ്ഫി, യൂനുസ്, മുഹമ്മദ് സല്‍മാന്‍, മുഹമ്മദ് അഷ്റഫ് എന്നിവരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പകര്‍ച്ചവ്യാധി നിയമത്തിലെ 269 (അപകടകരമായ രോഗം പടരുന്നതിന് കാരണമായ അനാസ്ഥ), 270 (മാരക രോഗം പടരാന്‍ കാരണമാകുന്ന മനപ്പൂര്‍വമുള്ള പ്രവൃത്തി), 271 (ക്വാറന്റൈന്‍ നിയമലംഘനം) എന്നീ വകുപ്പുകളാണ് എഫ്‌ഐആറിലുള്ളത്.

Exit mobile version