ന്യൂഡല്‍ഹി: മധ്യപ്രദേശിലും മിസോറമിലും ഇന്ന് ജനവിധി. മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കും മിസോറമിലെ 40 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുമ്പോള്‍ മിസോറമില്‍ കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടിയായ എംഎന്‍എഫും തമ്മിലാണ് പ്രധാനമല്‍സരം. ചരിത്രത്തിലാദ്യമായി ബിജെപിയും കളത്തിലുണ്ട്.
മധ്യപ്രദേശിലെ 230 സീറ്റുകളില്‍ 2899 സ്ഥാനാര്‍ഥികളും മിസോറമിലെ 40 സീറ്റുകളില്‍ 201 സ്ഥാനാര്‍ഥികളും ജനവിധി തേടുന്നു. മധ്യപ്രദേശില്‍ അഞ്ചുകോടിയും മിസോറമില്‍ ഏഴുലക്ഷം വോട്ടര്‍മാരുമാണുള്ളത്. പതിനഞ്ച് വര്‍ഷമായി ബിജെപിയുടെ ഉറച്ച കോട്ടയായ മധ്യദേശത്ത് ഇത്തവണ കോണ്‍ഗ്രസ് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തികളും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജനപ്രീതിയും ഉയര്‍ത്തിക്കാട്ടിയായിരുന്നു ബിജെപി പ്രചാരണം. കര്‍ഷകരോഷവും ഭരണവിരുദ്ധവികാരവും വോട്ടാക്കി മാറ്റാനായിരുന്നു കോണ്‍ഗ്രസ് ശ്രമം.
മധ്യപ്രദേശ് ഉള്‍പ്പെടുന്ന കാവി കോട്ടയായ ഹിന്ദി ഹൃദയ ഭൂമിയില്‍ വിളലുണ്ടാക്കിയാല്‍ മാത്രമേ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ ചിറകുവിരിക്കു. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചിത്രത്തിലില്ലായിരുന്ന ബിജെപിയുടെ കടന്നുവരവാണ് മിസോറം തിരഞ്ഞെടുപ്പിലെ പ്രത്യേകത. ആകെയുള്ള നാല്‍പതില്‍ 39 സീറ്റുകളിലും ബിജെപി ജനവിധി തേടുന്നു. എന്നാല്‍ തുടര്‍ച്ചയായ മൂന്നാംവട്ടവും മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്!ലയുടെ ചുമലിലേറി ഭരണം തുടരാം എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
Discussion about this post