ശ്രീനഗർ: ഇന്ത്യയൊന്നാകെ ഒരേ മനസോടെ കൊറോണയ്ക്ക് എതിരെ പോരാടുമ്പോൾ പത്തുവയസുകാരന് ചികിത്സ നൽകാതെ തഴഞ്ഞ് രാജ്യത്തിന് തന്നെ നാണക്കേടായി ശ്രീനഗറിലെ ആശുപത്രികൾ. കോവിഡ് ബാധിതനായ പത്തു വയസുകാരനെ ചികിത്സ നൽകാതെ നാല് ആശുപത്രികൾ തഴഞ്ഞതായി റിപ്പോർട്ട്. ശ്രീനഗറിൽ ഈദ്ഗാഹിൽ നിന്നുള്ള പത്തു വയസുകാരന് കോവിഡ് ബാധിച്ച മതപണ്ഡിതനുമായുള്ള സമ്പർക്കം വഴിയാണ് രോഗ ബാധ ഉണ്ടായത്. രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ ആശുപത്രികളിൽ എത്തിയെങ്കിലും ഒരു ദിവസം തന്നെ നാല് ആശുപത്രികളും ഒഴിവാക്കുകയായിരുന്നു.
ഡോക്ടർമാർ കുട്ടിയെ പരിശോധിക്കാൻ പോലും കൂട്ടാക്കാതെ കൈകൾ ഇടയ്ക്കിടെ കഴുകാൻ നിർദേശം നൽകി വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ ഉപദേശിച്ച് തിരിച്ചയയ്ക്കുകയായിരുന്നു.
എന്നാൽ ചൊവ്വാഴ്ചയോടെ ലഭിച്ച ബാലന്റെ പരിശോധനാ ഫലം കൊറോണ പോസിറ്റീവെന്ന് കാണിക്കുകയായിരുന്നു. തുടർന്നാണ് ഷെർ-ഇ-കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്. രണ്ടു ദിവസം മുമ്പ് ആുപത്രികൾ കയറിയിറങ്ങി നടന്നതിനു ശേഷമാണ് കാശ്മീരിലെ ഏറ്റവും നല്ല ആശുപത്രിയിൽ ഒടുവിൽ ബാലനെ പ്രവേശിപ്പിച്ചത്.
നിലവിൽ പത്തുവയസുകാരന്റെ കുടുംബവും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. മാർച്ച് 18 മുതൽ 22 വരെ നടന്ന മതസമ്മേളനത്തിനിടെയാണ് കോവിഡ് സ്ഥിരീകരിച്ച മതപണ്ഡിതനുമായി അടുത്തിടപഴകിയത്. തുടർന്ന് മതപണ്ഡിതന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ പത്തു വയസുകാരന് പനിയോടെയാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. മാർച്ച് 28 ന് ബാലനെ എസ്എംഎച്ച്എസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അഡ്മിറ്റ് ചെയ്യാൻ അധികൃതർ അനുവദിച്ചില്ല. തുടർന്ന് സിഡി ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു, കോവിഡ് ബാധിതനുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് സിഡി ആശുപത്രിയിലേക്ക് അതേ ദിവസം തന്നെ ആംബുലൻസിൽ മാറ്റിയത്. എന്നാൽ അവിടെ ബെഡ് ഒഴിവില്ലെന്ന കാരണം പറഞ്ഞ് വീണ്ടും ജവഹർലാൽ നെഹ്റു മെമ്മോറിയൽ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. എന്നാൽ പോലീസ് എത്തിക്കുന്ന രോഗികളെ മാത്രമേ അഡ്മിറ്റ് ചെയ്യാനാകൂ എന്ന് പറഞ്ഞുകൊണ്ട് ആശുപത്രിയിൽ നിന്നും പറഞ്ഞയയ്ക്കുകയായിരുന്നു. തുടർന്നാണ് ഇവർ വീട്ടിലേക്ക് മടങ്ങിയത്.
Discussion about this post