സ്ഥിരമായി പുകവലി, ചുമ കൂടി വയോധികന്‍ മരിച്ചു, കൊറോണ ബാധിച്ച് മരിച്ചതാണെന്ന് സംശയിച്ച് തിരിഞ്ഞുനോക്കാതെ ബന്ധുക്കളും അയല്‍ക്കാരും

ചെന്നൈ: ചുമ കൂടി മരിച്ച വയോധികന്‍ കൊറോണ മൂലമാണ് മരിച്ചതെന്ന് കരുതി ബന്ധുക്കളും അയല്‍വാസികളും തിരിഞ്ഞുനോക്കിയില്ല. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയില്‍ കഴിഞ്ഞദിവസമാണ് സംഭവം. സിരുനാംപൂണ്ടി വില്ലേജില്‍ താമസിക്കുന്ന ചോളൈ എന്ന 62കാരനാണ് മരിച്ചത്.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചോളൈയുടെ ഭാര്യയും മൂത്ത മകനും മരിച്ചു. ഇതിന് ശേഷം മാനസിക ദൗര്‍ബല്യമുള്ള 18 വയസ്സുള്ള മകന്‍ 10, 8 വയസ്സുള്ള മക്കള്‍ എന്നിവരോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ താമസം. വിവിധ ആരോഗ്യ പ്രശ്നങ്ങളാല്‍ വീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ചോളൈ.

ദീര്‍ഘ നാളുകളായി പുകവലിക്ക് അടിമയായ ഇദ്ദേഹഹത്തിന്റെ ആരോഗ്യനില വ്യാഴാഴ്ച മുതല്‍ മോശമായിരുന്നു. ചുമ കൂടി അദ്ദേഹം കഴിഞ്ഞദിവസം മരിച്ചു. എന്നാല്‍ കൊറോണ മൂലമാണ് ചോളൈ മരിച്ചതെന്ന് കരുതി അയല്‍ക്കാരും ബന്ധുക്കളും വീട്ടിലേക്ക് തിരിഞ്ഞുനോക്കുകയോ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയോ ചെയ്തില്ല.

തുടര്‍ന്ന് വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം വില്ലുപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞതിന് ശേഷം മൃതദേഹം ഏറ്റുവാങ്ങാനും ബന്ധുക്കള്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസും ആരോഗ്യ വകുപ്പ് അധികൃതരും ചേര്‍ന്ന് 7,000 രൂപ നല്‍കിയാണ് ശവസംസ്‌കാരത്തിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തത്.

അതേസമയം, കൊറോണ മൂലമല്ല ചോളൈയുടെ മരണമെന്ന് ഉറപ്പാണെന്നും അതിനാല്‍ കൊറോണ പരിശോധന നടത്തിയില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്ഥിരമായുള്ള മദ്യപാനവും പുകവലിയും മൂലം ഹൃദയവും കരളും ഗുരുതരാവസ്ഥയായിലായിരുന്നുവെന്നും ഹൃദയാഘാതമാണു മരണകാരണമെന്ന് സംശയിക്കുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Exit mobile version