ന്യൂഡൽഹി: രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കൊറോണ വൈറസിന്റെ വ്യാപനം തടയാൻ തയ്യാറെടുത്തപ്പോൾ സാധാരണക്കാരായ തൊഴിലാളികളാണ് ദുരതത്തിലായത്. ഈ കൂട്ടത്തിൽ ഇന്ത്യക്കാർ മാത്രമല്ല അതിർത്തി കടന്നെത്തിയ വിദേശി തൊഴിലാളികളും പെട്ടുപോയിരുന്നു. ഇത്തരത്തിൽ ലോക്ക്ഡൗണിൽ പട്ടിണിയിലായ പാകിസ്താൻ സ്വദേശികളായ തൊഴിലാളികൾക്ക് തണലായി മാതൃകയായിരിക്കുകയാണ് ഡൽഹിയിലെ ഈ വനിതാ ഡിസിപിയും സഹപ്രവർത്തകരും. ഏപ്രിൽ 14 വരെയുള്ള ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയ പാകിസ്താൻ സ്വദേശികൾക്ക് അവശ്യസാധനങ്ങളും ഭക്ഷണവും എത്തിച്ച് കൊടുത്ത് മാതൃകയാകുകയാണ് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ വിജയന്ത ആര്യ എന്ന ഉദ്യോഗസ്ഥ. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നിന്ന് 280 കുടുംബങ്ങളാണ് ഇന്ത്യയിൽ ജോലി തേടി എത്തിയത്.
രാജ്യം ലോക്ക്ഡൗണിലേക്ക് പോയതോടെ ഇവർ രാജ്യത്ത് കുടുങ്ങി പോകുകയായിരുന്നു. ഡൽഹിയിലെ മജ്ലിസ് പാർക്കിൽ തമ്പടിച്ച ഇവർക്ക് ഭക്ഷണമോ വെള്ളമോ ഇല്ലാതെ ദുരിതം മാത്രമായിരുന്നു കൂട്ട്. ഇതു ശ്രദ്ധയിൽപ്പെട്ട വിജയന്ത ആര്യയുടെ നേതൃത്വത്തിലുള്ള പോലീസുകാർ ഇവർക്ക് അവശ്യ സാധനങ്ങളുമായി എത്തുകയായിരുന്നു. ലോക്ക്ഡൗൺ നിലനിൽക്കുന്ന 21 ദിവസവും ഭക്ഷണം മുടക്കമില്ലാതെ കൊടുക്കാമെന്നാണ് വിജയന്ത ഇവർക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
”പാകിസ്താൻ സ്വദേശികളായ നൂറുകണക്കിനാളുകൽ മജ്ലിസ് പാർക്കിൽ ഭക്ഷണം കിട്ടാതെ വലയുകയാണെന്നും പട്ടിണിയാണെന്നും അറിഞ്ഞാണ് ഞങ്ങൾ എത്തുന്നത്. അങ്ങേയറ്റം ദയനീയമായിരുന്നു ഇവരുടെ ജീവിതം. ഉടൻ തന്നെ അവർക്കു വേണ്ട എല്ലാ വസ്തുക്കളും എത്തിച്ചു കൊടുക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. 21 ദിവസത്തേക്ക് ഇവരുടെ എല്ലാ ഉത്തരവാദിത്തവും ഞങ്ങൾ ഏറ്റെടുക്കുകയാണ്. കൊവിഡിനെതിരായ പോരാട്ടം ഒറ്റയ്ക്കൊറ്റയ്ക്കല്ല, ഒരുമിച്ചാണു വേണ്ടത്. ഒരു രാജ്യം ഒറ്റക്കെട്ടായി നീങ്ങിയാൽ ഏതു മഹാമാരിയെയും പരാജയപ്പെടുത്താം. ” വിജയന്ത ആര്യ പറയുന്നു.
അതേസമയം, ഡൽഹി പോലീസിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നാണ് പാകിസ്താൻ സ്വദേശികൾ പറയുന്നത്.”വിജയന്തയുടെ കാരുണ്യത്താൽ തങ്ങൾ ഇപ്പോൾ പട്ടിണി കൂടാതെ കഴിയുകയാണ്. കാരുണ്യത്തിന് അതിർത്തി വ്യത്യാസമില്ലെന്നു തെളിയിക്കുകയാണ് വിജയന്ത. സഹായം ആവശ്യമുള്ള എല്ലാവർക്കും അത് എത്തിച്ചു കൊടുക്കേണ്ടത് സ്വന്തം ചുമതലയാണെന്നും അവർ കരുതുന്നു. ചുമതലാബോധവും ഉത്തരവാദിത്വവുമാണ് അവരെ മറ്റുള്ളവരിൽ നിന്നു മാറ്റിനിർത്തുന്നതും ഇന്ത്യയുടെ മുഖമാക്കി മാറ്റുന്നതും.”- നെഹ്റുലാൽ എന്ന പാക് പൗരന്റെ വാക്കുകൾ ഇങ്ങനെ.
Discussion about this post