ലഖ്‌നൗ: കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ കാരണം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങാണെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ജില്ലയിലാണ് സംഭവം. 40 പേരാണ് സംസ്ഥാനത്ത് കൊറോണ വൈറസ് പടരാന്‍ കാരണം ചൈനീസ് പ്രസിഡന്റാണെന്ന് വ്യക്തമാക്കി പോലീസില്‍ പരാതി നല്‍കിയത്.
പ്രദേശവാസികളായ അഭിഭാഷകര്‍ മുതല്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ വരെ പരാതിക്കാരിലുണ്ട്. ലോകത്താകമാനം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന് ഭീഷണിയായ കൊറോണ രോഗം പടരാന്‍ അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഷി ജിന്‍പിങിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം, പരാതി രേഖാമൂലം ലഭിച്ചിട്ടുണ്ടെന്നും വിഷയം ഗൗരവമേറിയതായതിനാല്‍ നിയമ സാധ്യതകള്‍ അന്വേഷിച്ച് മാത്രം തുടര്‍ നടപടികളിലേക്ക് കടക്കുകയുള്ളുവെന്നും യുപി പോലീസ് വ്യക്തമാക്കി. കൊറോണ പടര്‍ത്തിയത് ചൈനീസ് പ്രസിഡന്റാണെന്ന് ചൂണ്ടിക്കാട്ടി നേപ്പാളില്‍ നിന്നും വന്ന നിരവധി കുടിയേറ്റക്കാരും പരാതി നല്‍കി. ലഖിംപൂരില്‍ ഒരു പോസിറ്റീവ് കോവിഡ് കേസും തൊട്ടടുത്ത ജില്ലയായ പിലിഭിറ്റില്‍ രണ്ടുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.