ഹൈദരാബാദ്: കൊവിഡ് 19 രാജ്യത്തിന് ഭീഷണിയായി നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി മുന്‍പോട്ട് പോവുകയാണ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍. ഹൈദരാബാദിലെ മുഴുവന്‍ സ്വകാര്യ ആശുപത്രികളില്‍ സേവനം ഉറപ്പാക്കിയാണ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നത്.
ചൊവ്വാഴ്ച മാത്രം ആന്ധ്രാപ്രദേശില്‍ 17 കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 40 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചത്. പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ മെഡിക്കള്‍ സംവിധാനങ്ങള്‍ കൂടുതല്‍ ആവശ്യമായി വരുമെന്നതിനാലാണ് സ്വകാര്യ ആശുപത്രികളുടെ സേവനം കൂടി ഉറപ്പാക്കിയിരിക്കുന്നത്.
ഐസൊലേഷന്‍ വാര്‍ഡുകളും ബെഡ്ഡുകളും വെന്‍റിലേറ്ററും ടെസ്റ്റിങ് ലാബുകളും, മോര്‍ച്ചറികളും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംവിധാനങ്ങളും കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്സുമാരേയും മറ്റ് മെഡിക്കല്‍ സ്റ്റാഫുകളുടേയും സേവനമാണ് ഉറപ്പാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ മെഡിക്കല്‍ കോളേജുകളും അല്ലാതെ തന്നെ സംസ്ഥാനത്തുള്ള മറ്റ് എല്ലാ ആശുപത്രികളും കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമാകണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞത്. അതേസമയം സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും വിദേശത്ത് നിന്നെത്തിയവരുമായി അടുത്ത് ഇടപഴകിയവര്‍ക്ക് മാത്രമാണ് നിലവില്‍ രോഗം പിടിപെട്ടതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.