ന്യൂഡൽഹി: രാജ്യത്ത് കൊറോണ പരത്തുന്ന ഹോട്‌സ്‌പോട്ടുകളിൽ പ്രധാന കേന്ദ്രമായി ഡൽഹി ഹസ്രത് നിസാമുദ്ദീനിലെ മർക്കസ്. തബ്‌ലീഗ് ഏഷ്യാ സമ്മേളനത്തിന്റെ ഭാഗമായി ഇവിടെ കഴിഞ്ഞിരുന്ന 2100 പേരെയും ഇന്നലെയോടെ ഡൽഹി പോലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇതിന് പുറമേ രാജ്യമെമ്പാടും 2137 പേരാണ് ഇവിടെ സന്ദർശനം നടത്തി മടങ്ങിയതിനാൽ നിരീക്ഷണത്തിലുള്ളത്.
നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരെ കണ്ടെത്താനുള്ള നീക്കത്തിന് ചുക്കാൻ പിടിക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കേന്ദ്രസർക്കാർ നിയോഗിച്ചു. നിസാമുദ്ദീനിലെ മർക്കസ് മൗലാനയുമായി അജിത് ദോവൽ സംസാരിച്ചു. നിലവിൽ ആളുകളെയെല്ലാം ഒഴിപ്പിച്ച സാഹചര്യത്തിൽ മർക്കസ് ആസ്ഥാനത്ത് അണുനശീകരണം നടത്തുകയാണ് ആരോഗ്യപ്രവർത്തകർ.
ഈ പ്രദേശത്ത് നിന്നു തന്നെ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചിട്ടുണ്ട്. മർക്കസ് കെട്ടിടം അടച്ചു പൂട്ടി ഡൽഹി പോലീസ് സീൽ വച്ചു. മതകേന്ദ്രത്തിന് തൊട്ടടുത്ത് താമസിക്കുന്നവരെയും കൂട്ടത്തോടെ ഒഴിപ്പിച്ച് നിരീക്ഷണ കേന്ദ്രത്തിലാക്കി. ഇവിടെ സുരക്ഷാ ഉപകരണങ്ങൾ ധരിച്ച് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു. പള്ളിയിലെ മൗലാനയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാർച്ച് 13 മുതൽ പതിനഞ്ച് വരെ ഇവിടെ സമ്മേളനം നടന്നിരുന്നു. കൊറോണ കാലത്ത് സുരക്ഷാ മുൻകരുതൽ ഇല്ലാതെയാണ് സമ്മേളനം നടത്തിയത്. ഇന്തൊനേഷ്യ, സിംഗപ്പുർ തുടങ്ങി വിദേശ രാജ്യങ്ങളിൽ നിന്നും ഇവിടേക്ക് സന്ദർശകരെത്തിയിരുന്നു.
തബ്‌ലീഖ് ജമാഅത്തെ എന്ന സംഘത്തിന്റെ ഡൽഹി ആസ്ഥാനമാണ് മർക്കസ് നിസാമുദ്ദീൻ എന്ന കെട്ടിടം. തെലങ്കാനയിൽ കൊവിഡ് ബാധിച്ച് മരിച്ച ആറ് പേർ ഇവിടെ സന്ദർശിച്ച് മടങ്ങിയെത്തിയതാണെന്ന് വ്യക്തമായതോടെയാണ് ഈ കേന്ദ്രം ശ്രദ്ധാകേന്ദ്രമാകുന്നത്. പിന്നീട് ഇവിടെ നിന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ എത്തിയ പലർക്കും കൊവിഡ് രോഗം ബാധിച്ചു എന്ന വിവരങ്ങൾ തുടർച്ചയായി പുറത്തുവന്നു. ഇതോടെ നിസാമുദ്ദീൻ രാജ്യത്തെ ഒരു കൊവിഡ് ഹോട്ട് സ്‌പോട്ടായി മാറി.
എല്ലാ സംസ്ഥാനങ്ങളോടും ഇവിടെ സന്ദർശനം നടത്തി മടങ്ങിയ തബ്‌ലീഗ് അംഗങ്ങളെ കണ്ടെത്താൻ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് ഇവിടെ ഏതാണ്ട് 319 പേർ സന്ദർശനം നടത്തിയിട്ടുണ്ടെന്നാണ് സംസ്ഥാനസർക്കാരിന്റെ പ്രാഥമിക നിഗമനം. ഇതിൽ 140 പേർ കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. 80 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.