ഗുവാഹത്തി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മലമ്പനിയ്ക്കുള്ള മരുന്ന് കഴിച്ച ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. ഗുവാഹത്തിയില്‍ സ്വകാര്യആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ.ഉത്പല്‍ജിത് ബര്‍മനാണ്(44) മരിച്ചത്. വൈറസിനെ പ്രതിരോധിക്കാന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഡോക്ടര്‍ മരുന്ന് കഴിച്ചത്.
മലമ്പനിയ്ക്കുള്ള പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ ആണ് അദ്ദേഹം കഴിച്ചത്. ഈ മരുന്നാണോ ഹൃദയാഘാതത്തിന് കാരണമായതെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. എന്നാല്‍ മരുന്ന് കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുന്നതായി ഡോക്ടര്‍ സഹപ്രവര്ത്തകന് വാട്സ്ആപ്പ് സന്ദേശം അയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രതിരോധമരുന്നെന്ന നിലയില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കാവുന്നതാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഡോ.ബര്മന് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരുന്നില്ല. സ്വന്തം നിര്‍ദേശപ്രകാരം മരുന്നു കഴിക്കരുതെന്ന് ഐസിഎംആര്‍ പ്രത്യേക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെല്ലാം പാടെ അവഗണിച്ചാണ് ഡോക്ടര്‍ മരുന്ന് കഴിച്ചത്.
Discussion about this post