മകന് കഠിനമായ ശ്വാസംമുട്ടല്‍, വേദന കണ്ടുനിന്ന അച്ഛന് ഹൃദയാഘാതം; ഒടുവില്‍ ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ രണ്ട് പേരും മരണപ്പെട്ടു

മംഗളൂരു: മകന്റെ കഠിനമായ ശ്വാസംമുട്ടല്‍ കണ്ടുനിന്ന അച്ഛന് ഹൃദയാഘാതം. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മംഗളൂരു ദര്‍ളഗട്ടയില്‍ താമസിക്കുന്ന മുന്‍ ബിഎസ്എന്‍എല്‍ ജീവനക്കാരനായ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശി എം മുകന്ദന്‍(74) മകന്‍ പ്രസാദ്(34) എന്നിവരാണ് മരിച്ചത്. ഒരു മണിക്കൂര്‍ വ്യത്യാസത്തിലാണ് ഇരുവരും മരണപ്പെട്ടത്.

തിങ്കളാഴ്ച പുലര്‍ച്ചയോടെ ദര്‍ളഗട്ട സ്വകാര്യ ആശുപത്രിയിലാണ് രണ്ടുപേരും മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് പ്രസാദിന് കഠിനമായ ശ്വാസംമുട്ടലുണ്ടായത്. അസ്വസ്ഥത പ്രകടിപ്പിച്ച പ്രസാദിനെ ഉടന്‍ വീടിനടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്ന മകനെ കണ്ട് രക്തസമ്മദര്‍ദ്ദം ഉയരുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതോടെ മുകന്ദനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസാദ് പുലര്‍ച്ചെ ഒന്നരയോടെയും മുകുന്ദന്‍ രണ്ടരയോടെയും മരിക്കുകയായിരുന്നു. അതേസമയം, മകന്‍ മരിച്ച വിവരം മുകുന്ദന്‍ അറിഞ്ഞിരുന്നില്ല.

Exit mobile version