കൊറോണ: നടൻ വിജയിയുടെ വസതിയിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന

ചെന്നൈ: വിദേശത്ത് നിന്നും തിരിച്ചെത്തിയവരുടെ വീടുകളിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായി നടൻ വിജയിയുടെ ചെന്നൈയിലെ വസതിയിലും ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നൽ പരിശോധന. അടുത്തിടെ വിദേശരാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചെത്തിയവരുടെ വീടുകളിൽ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് വിജയിയുടെ വീട്ടിലും എത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ വിജയിയോ കുടുംബമോ അടുത്തെങ്ങും വിദേശ സന്ദർശനത്തിന് പോയിട്ടില്ലെന്നാണ് വിവരം.

എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ വിദേശ സന്ദർശനം നടത്തിയവരുടെ വീടുകളിൽ പരിശോധന നടത്തുന്നുണ്ടെന്നും പട്ടികയിൽ വിജയിയുടെ പേര് ഉണ്ടെന്നുമാണ് ഇതിനോട് അധികൃതർ തുടക്കത്തിൽ നൽകിയ വിശദീകരണം.

ചെന്നൈയിലെ നീലൻകരൈയിലുള്ള വിജയിയുടെ വീട്ടിലാണ് പരിശോധനയ്ക്ക് ആരോഗ്യപ്രവർത്തകർ എത്തിയത്. വീട്ടിൽ ആർക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് സംഘം അന്വേഷിച്ചു. എന്നാൽ ആർക്കും യാതൊരു വിധത്തിലുള്ള രോഗമോ രോഗലക്ഷണമോ ഉണ്ടായിരുന്നില്ല. ഇതോടെ പരിസരം അണുമുക്തമാക്കി സംഘം മടങ്ങി. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വിജയിയുടെ വീട്ടിലുള്ള ആരും വിദേശസന്ദർശനം നടത്തിയിട്ടില്ലെന്നും പരിശോധനയ്ക്ക് ശേഷം ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

അടുത്തിടെ വിജയിയുടെ വസതിയിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നു. മാസ്റ്റർ സിനിമയുടെ നിർമാതാക്കളിലൊരാളെ ചോദ്യം ചെയ്തതിന്റെ തുടർച്ചയായിട്ടായിരുന്നു പരിശോധന. പിന്നീട് വിജയ് കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ഇൻകം ടാക്‌സ് അധികൃതർ ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിരുന്നു.

Exit mobile version