ആ തീരുമാനം അഭിനന്ദനാര്‍ഹമാണ്, ഇന്ത്യയ്ക്ക് ശക്തി പകരും; അമ്മാവന്റെ ശവസംസ്‌കാരച്ചടങ്ങുകള്‍ ലളിതമാക്കി നടത്തിയതിന് ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോഡി

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച അമ്മാവന്റെ ശവസംസ്‌കാരച്ചടങ്ങുകള്‍ ലളിതമാക്കി നടത്തിയതിന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കുടുംബത്തിന് അനുശോചനം അറിയിച്ചുകൊണ്ട് നടത്തിയ ട്വീറ്റിലാണ് മോഡി ഇക്കാര്യം പറഞ്ഞത്.

രോഗബാധിതനായ ഒമര്‍ അബ്ദുള്ളയുടെ അമ്മാവന്‍ മുഹമ്മദ് അലി മാട്ടൂ ഞായറാഴ്ചയാണ് അന്തരിച്ചത്. മരണവിവരം ഒമര്‍ അബ്ദുള്ള തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഈ സന്ദര്‍ഭത്തില്‍ വീട്ടിലോ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നിടത്തോ വലിയ ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും എല്ലാവരും ലോക്ക് ഡൗണിന്റെ നിയമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ട്വീറ്റില്‍ അഭ്യര്‍ഥിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ചുകൊണ്ട് മോഡി ട്വീറ്റ് ചെയ്തത്. ഒമര്‍ അബ്ദുള്ള, താങ്കളെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ദുഃഖത്തിന്റെ ഈ വേളയിലും സംസ്‌കാരച്ചടങ്ങുകള്‍ ആള്‍ക്കൂട്ടമില്ലാതെ നടത്താനുള്ള തീരുമാനം അഭിനന്ദനാര്‍ഹമാണ്. ഇത് കോവിഡ് 19ന് എതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ശക്തിപകരും, എന്ന് മോഡി ട്വിറ്ററില്‍ കുറിച്ചു.

Exit mobile version