ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലാണ്. 21 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ചരക്ക് നീക്കത്തിന് യാതൊരു തടസവുമുണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അവശ്യ വസ്തുക്കളും അല്ലാത്തവയും വാഹനങ്ങളില്‍ കൊണ്ടുപോകാന്‍ അനുവദിക്കും.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പത്ര വിതരണം, പാല് സംഭരണം – വിതരണം, പലചരക്ക് സാധനങ്ങളുടെയും ശുചിത്വ പരിപാലന ഉത്പന്നങ്ങളുടെയും വിതരണം എന്നിവയെല്ലാം അനുവദിക്കണമെന്നും പറയുന്നു.
പാല് വിതരണവുമായി ബന്ധപ്പെട്ട പായ്ക്കിങ് വസ്തുക്കളുടെ വിതരണം അടക്കമുള്ളവ അനുവദിക്കണം. സോപ്പ്, ഹാന്‍ഡ് വാഷ്, അണുനാശിനികള്‍, ഷാംപു, അലക്കുപൊടി, ടിഷ്യൂ പേപ്പര്‍, ടൂത്ത് പേസ്റ്റ്, സാനിറ്ററി പാഡുകള്‍, ഡയപ്പറുകള്‍, ബാറ്ററികള്‍, ചാര്‍ജര്‍ എന്നിവയെല്ലാം വാഹനങ്ങളില്‍ കൊണ്ടുപോകാന്‍ അനുവദിക്കണം.
അച്ചടി മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിനും തടസമുണ്ടാകരുതെന്നും വ്യക്തമാക്കുന്നു. കൂടാതെ ലോക്ക് ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഭവന രഹിതര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് ഭക്ഷണവും അവശ്യ വസ്തുക്കളും നല്‍കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
Discussion about this post