ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യം 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ കൊറോണയെ പൂര്‍ണമായും പ്രതിരോധിക്കണമെങ്കില്‍ ഇന്ത്യയില്‍ 49 ദിവസത്തെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.
കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഇന്ത്യക്കാരായ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ ജനതയുടെ പ്രായം, സാമൂഹ്യമായ ഇടപെടല്‍ രീതികള്‍, ജനസംഖ്യ തുടങ്ങിയ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പഠനത്തിലാണ് കൊറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ 49 ദിവസത്തെ ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്ന നിഗമനമുള്ളത്.
നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൗണ്‍ കൊണ്ട് വൈറസ് ബാധയില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്നും ഗവേഷകര്‍ പറയുന്നു. സാമൂഹ്യമായ അകലം പാലിക്കല്‍ കൊണ്ട് എത്രത്തോളം ഗുണമുണ്ടാകുമെന്നാണ് പഠനത്തില്‍ പരിശോധിക്കുന്നത്.
ഓഫീസ് ജോലികള്‍ വീടുകളിലിരുന്ന് ചെയ്യല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി കൊടുക്കല്‍, എന്നിവയടക്കമുള്ള നടപടികളെ പഠനത്തില്‍ വിലയിരുത്തിയിട്ടുണ്ട്. ജനങ്ങളുടെ പ്രായത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യ ഇടപെടല്‍ വിവരങ്ങളാണ് പഠനത്തിന് അടിസ്ഥാനം.
ഇന്ത്യക്കാരുടെ സാമൂഹ്യ ഇടപെടല്‍ രീതി വൈറസ് വ്യാപനത്തിന് എത്രമാത്രം ഇടയാക്കുന്നു, വിപുലമായ രീതിയിലുള്ള സാമൂഹ്യ അകലംപാലിക്കല്‍ നടപടികള്‍ക്കൊണ്ട് വൈറസിനെ എത്രമാത്രം പ്രതിരോധിക്കാനാകും തുടങ്ങിയ കാര്യങ്ങളും പഠനം പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് 21 ദിവസത്തെ ലോക്ക് ഡൗണിലൂടെ വൈറസിനെ പൂര്‍ണമായും പ്രതിരോധിക്കാന്‍ കഴിയില്ലെന്നും 49 ദിവസത്തെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടിയത്.
Discussion about this post