ചെന്നൈ: കൊറോണ വൈറസ് വ്യാപനം ലക്ഷ്യമിട്ട് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ മറികടന്ന് നിരവധി പേരാണ് നിരത്തിലിറങ്ങുന്നത്. പൊതുഗതാഗതം നിലച്ചതോടെ സ്വകാര്യ വാഹനങ്ങള്‍ എടുത്താണ് അധികം പേരും നിരത്തിലിറങ്ങുന്നത്. ഈ സാഹചര്യത്തില്‍ അപേക്ഷയും ശാസനയും വിലപോവില്ലെന്ന് കണ്ടതാടെ അവസാന അടവും പയറ്റി രംഗത്തിറക്കിയിരിക്കുകയാണ് ചെന്നൈ പോലീസ്.
ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് വീടിന് പുറത്തിറങ്ങുന്നവരെ ബോധവത്കരിക്കാന്‍ ‘കൊറോണ ഹെല്‍മെറ്റ്’ ആണ് പോലീസിന്റെ ആയുധം. കൊറോണ വൈറസിന്റെ മാതൃകയിലുള്ള ഹെല്‍മെറ്റ് ആണിത്. നിലവിലെ സാഹചര്യത്തില്‍ വീട്ടില്‍ തന്നെ ഇരിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിനാണ് ഇത്തരമൊരു ആശയം രൂപപ്പെടുത്തിയിരിക്കുന്നത്. ഈ തന്ത്രം ഫലം കണ്ടുവെന്നും പോലീസുകാര്‍ അവകാശപ്പെടുന്നുണ്ട്.
പോലീസുകാരന്റെ വാക്കുകള്‍;
എല്ലാ നടപടികളും സ്വീകരിച്ചിട്ടും ആളുകള്‍ പുറത്ത് കറങ്ങി നടക്കുന്നത് തുടരുകയാണ്. ഇക്കാര്യത്തെ പോലീസ് എത്രമാത്രം ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്ന് ആളുകള്‍ക്ക് ബോധ്യപ്പെടാനാണ് ഈ കൊറോണ ഹെല്‍മറ്റ്. ഈ ഹെല്‍മറ്റ് കാണുമ്പോള്‍ ആളുകള്‍ക്ക് ആ രോഗത്തിന്റെ ഭീകരത മനസില്‍ വരും. പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചിത്രകാരനായ ഗൗതം ആണ് പോലീസിന് ഇത് നിര്‍മ്മിച്ച് നല്‍കിയത്. പഴയ ഹെല്‍മറ്റും കളര്‍ പേപ്പറുകളും ഉപയോഗിച്ചാണ് ഗൗതം ‘കൊറോണ ഹെല്‍മറ്റ്’ തയാറാക്കിയത്.
Discussion about this post