ന്യൂഡൽഹി: രാജ്യത്ത് ക്വോറന്റൈനിൽ കഴിയാൻ നിർദേശിച്ചവരെ കൂടാതെ, ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ ഉള്ളവരേയും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ലഭിച്ചത് അമ്പരപ്പിക്കുന്ന പരിശോധനാ ഫലം. പരിശോധിച്ച ഗുരുതര ശ്വാസകോശ രോഗികളിൽ 10 ശതമാനം ആളുകളിൽ കൊറോണ ബാധ സ്ഥിരീകരിച്ചതായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) സയന്റിസ്റ്റായ ആർ ഗംഗാഖേദ്കർ.
ചെന്നൈ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 110 ഗുരുതര ശ്വാസകോശ രോഗം ബാധിച്ചവരെ പരിശോധിച്ചതിൽ 11 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ ആരും വിദേശയാത്ര നടത്തിയിട്ടില്ലെന്നതും രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് ഇടപഴകിയെന്ന് കണ്ടെത്താനായിട്ടില്ല എന്നതും അമ്പരപ്പുണ്ടാക്കുകയാണ്.
എന്നാൽ ഈ ചെറിയ കണക്കുകൾ കൊണ്ട് രാജ്യത്ത് സമൂഹവ്യാപനം സംഭവിച്ചുവെന്ന് ഉറപ്പിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ്19 സമൂഹവ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. അതിനാൽ ഭയക്കേണ്ട സാഹചര്യമില്ല. ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നത് പ്രതിസന്ധികൾ തടയാൻ ഉപകരിക്കുമെന്ന് ഗംഗാഖേദ്കർ പറയുന്നു. രാജ്യത്ത് രോഗപരിശോധന സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയിലാകെ 150 പരിശോധനാ കേന്ദ്രങ്ങൾ മാത്രമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ മാർഗനിർദ്ദേശങ്ങളില്ലാതെ സ്വയം പരിശോധനാ കിറ്റുകൾ പൊതുജനത്തിന് ലഭ്യമാക്കുന്നതും വ്യാപകമായ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും ഐസിഎംആർ ശാസ്ത്രജ്ഞർ പറയുന്നു.
Discussion about this post