ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടപ്പാക്കേണ്ടി വന്ന 21 ദിവസത്തെ ലോക്ക് ഡൗണില്‍ ജനങ്ങള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് പ്രധനമന്ത്രി നരേന്ദ്ര മോഡി. കൊറോണയ്ക്കെതിരെ നടത്തുന്നത് ജീവന്മരണ പോരാട്ടമാണെന്നും ഈ സാഹചര്യത്തില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതമായെന്നും മോഡി പറയുന്നു.
രാജ്യം ഒറ്റക്കെട്ടായി നിന്ന് മഹാമാരിക്കെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്തിലൂടെയാണ് മോഡി ഖേദപ്രകടനം നടത്തിയത്. ലോക്ക് ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗവും ഈ മഹാവ്യാധിക്കെതിരെ സ്വീകരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഡിയുടെ വാക്കുകള്‍;
ലോക്ക് ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗവും ഈ മഹാവ്യാധിക്കെതിരെ സ്വീകരിക്കാനില്ല. നിയന്ത്രണങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കൂടി പാലിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറാകണം. മനുഷ്യവര്‍ഗം ഒന്നിച്ചുനിന്ന് നടത്തേണ്ട പോരാട്ടമാണിത്. ചിലരൊക്കെ നിയന്ത്രണങ്ങള്‍ പാലിക്കാത്തത് ഗൗരവതരമാണ്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ മൂലമുള്ള ബുദ്ധിമുട്ടില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് എന്നോട് ദേഷ്യമുണ്ടാകമെന്ന് എനിക്കറിയാം. എന്നാല്‍ ഇത്തരമൊരു തീരുമാനമെടുക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞാന്‍ ക്ഷമചോദിക്കുന്നു.
ഈ രോഗം നമ്മെ നമ്മെ ഇല്ലാതാക്കുന്നതിനു മുന്‍പ് നാം അതിനെ പ്രതിരോധിച്ച് തോല്‍പ്പിക്കണം. ലോകത്തെ മുഴുവന്‍ തടവിലാക്കിയിരിക്കുകയാണ് ഈ വൈറസ്. വൃദ്ധരെയും യുവാക്കളെയും ശക്തരെയും ദുര്‍ബലരെയും ഒരേപോലെ അത് ബാധിച്ചു. മനുഷ്യകുലം മുഴുവന്‍ ഒരുമിച്ചുനിന്ന് ഈ പ്രതിസന്ധിയെ നേരിടണം.
Discussion about this post