ഭോപ്പാൽ: കൊറോണ വ്യാപനം ശക്തമായി തടയാനായി രാജ്യമെമ്പാടും ലോക്ക് ഡൗണും കർഫ്യൂവും ഏർപ്പെടുത്തി പ്രതിരോധപ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതിനിടെ കൈയ്യടി നേടുകയാണ് ആരോഗ്യ-പ്രതിരോധ പ്രവർത്തകർ. തങ്ങളുടെ എല്ലാ ആവശ്യങ്ങളും മാറ്റിവെച്ച് സ്വന്തം ആരോഗ്യം പോലും വകവെയ്കക്കാതെ ജനങ്ങളെ സേവിക്കാൻ ഇറങ്ങിയ ഭോപ്പാലിൽനിന്നുള്ള രണ്ട് ആരോഗ്യപ്രവർത്തകരുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ കണ്ണ് നിറയ്ക്കുന്നത്.
വ്യക്തിപരമായ കാര്യങ്ങൾക്കല്ലാതെ നാടിന് വേണ്ടി കഷ്ടപ്പെടുന്ന പതിനായിരക്കണക്കിന് ആരോഗ്യപ്രവർത്തകരിൽ രണ്ടുപേരാണ് അഷ്റഫ് അലിയും ഇർഫാൻ ഖാനും. ഭോപ്പാൽ മുനിസിപ്പൽ കോർപറേഷനിലെ ശുചീകരണപ്രവർത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അഷ്റഫ് അലി. കൊറോണ വൈറസ് വ്യാപനത്തിന്റെ ഈ സമയത്ത് സുപ്രധാനമായ ജോലിയാണ് അദ്ദേഹത്തിന്റേത്. ബുധനാഴ്ച ആ തിരക്കിനിടയിലാണ് തന്റെ അമ്മ മരിച്ചതായുള്ള വാർത്ത അദ്ദേഹത്തെ തേടിയെത്തുന്നത്. ഇത്തരമൊരു സന്ദർഭത്തിൽ എല്ലാം ഇട്ടെറിഞ്ഞ് വീട്ടിലേയ്ക്ക് ഓടാനാകും ആരായാലും ശ്രമിക്കുക. എന്നാൽ, അഷ്റഫ് അലി മുൻസിപ്പൽ കോർപറേഷൻ പരിധിയിലെ വീടുകൾ ശുചീകരിക്കുന്ന ചുമതല തനിക്കായതിനാൽ തന്നെ, ജനങ്ങളെ വൈറസിൽനിന്ന് രക്ഷിക്കേണ്ടതിന്റെ ഗൗരവം ബോധ്യമുള്ളതുകൊണ്ട് തിരക്കിട്ട് വീട്ടിലേയ്ക്ക് പോകാൻ തയ്യാറായില്ല. തന്റെ വ്യക്തിപരമായ ദുഃഖം തൽക്കാലം മാറ്റിവെച്ച് ജോലി പൂർത്തിയാക്കാനാണ് അഷ്റഫ് അലി തീരുമാനിച്ചത്.
‘നമുക്ക് നമ്മുടെ അമ്മയേക്കാൾ പ്രധാനമായി മറ്റൊന്നും ഉണ്ടാവില്ല, മാതൃരാജ്യം പോലും. എന്നാൽ ഇപ്പോൾ രാജ്യം അപകടത്തിലാണ്. രാവിലെ എട്ടുമണിയോടെയാണ് അമ്മ മരിച്ചതായുള്ള വിവരം അറിഞ്ഞത്. എന്നാൽ നാടിനുവേണ്ടി ചെയ്യേണ്ട പ്രധാനപ്പെട്ട കർത്തവ്യം എനിക്ക് പൂർത്തിക്കേണ്ടതുണ്ടായിരുന്നു’, അഷ്റഫ് അലി പറയുന്നതിങ്ങനെ. തന്റെ ഡ്യൂട്ടി കഴിഞ്ഞ് ഉച്ചയോടെയാണ് അമ്മയുടെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ അഷ്റഫ് അലി പോയത്. ചടങ്ങുകൾ പൂർത്തിയായ ശേഷം തിരികെ വന്ന് ഉടൻ തന്നെ ജോലിയും തുടർന്നു. സ്വന്തം വേദന മറന്ന് മറ്റുള്ളവരുടെ ജീവന് പ്രാധാന്യം നൽകിയ അദ്ദേഹത്തിനോട് നന്ദി പറയുകയാണ് ഇവിടുത്തെ ജനത.
ഭോപ്പാൽ മുനിസിപ്പൽ കോർപറേഷനിലെ തന്നെ കോവിഡ് 19 പ്രതിരോധ പ്രവർത്തകരിലൊരാളായ ഇർഫാൻ ഖാനും തന്റെ വ്യക്തിപരമായ കഷ്ടതയേക്കാൾ ജനങ്ങളുടെ നന്മയ്ക്ക് പ്രാധാന്യം നൽകിയാണ് ജനങ്ങളുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ റോഡപകടത്തിൽ ഇർഫാന്റെ വലതുകൈയ്യുടെ തോളെല്ല് പൊട്ടിയിരുന്നു. വിശ്രമിക്കണമെന്ന ഡോക്ടറുടെ നിർദേശം മറികടന്നാണ് അദ്ദേഹം ജോലിക്കെത്തിയത്. ‘ഇതൊരു അസാധാരണമായ സാഹചര്യമാണ്. കോവിഡ് 19 ന് എതിരായ പോരാട്ടത്തിൽ വിജയിക്കുന്നതിന് നമുക്കെല്ലാവർക്ക് കുറേയേറെ ത്യാഗം അനുഷ്ഠിക്കേണ്ടതായിവരും. പരിക്കുണ്ടെങ്കിലും ചെയ്യാനുള്ള ജോലികൾ പൂർത്തീകരിക്കാൻ എനിക്ക് വേണ്ടത്ര ഊർജ്ജമുണ്ട്, അദ്ദേഹം പറയുന്നു. മധ്യപ്രദേശ് ആരോഗ്യവകുപ്പനു കീഴിലുള്ള ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിലെ ഡാറ്റാ മാനേജറാണ് ഇൻഫാൻ ഖാൻ.
Discussion about this post