തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായി കേരളം മാറി. 164 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 39 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമായി കേരളം മാറിയത്.
കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്ത പുതിയ 39 കേസുകളില്‍ 34ഉം കാസര്‍കോഡ് ജില്ലയിലാണ്. ഇതോടെ കാസര്‍കോഡ് ജില്ലയിലെ മാത്രം ആകെ രോഗികളുടെ എണ്ണം 82 ആയി. സംസ്ഥാനത്ത് 1.10,299 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. സംസ്ഥാനത്ത് കൊവിഡ് മരണം ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്.
നിലവില്‍ രാജ്യത്ത് 854 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ ഒറ്റ ദിവസത്തെ 39 കേസുകളടക്കം 100 കേസുകളാണ് ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ച് ഇതുവരെ 19 പേരാണ് മരിച്ചത്. മഹാരാഷ്ട്ര-4, ഗുജറാത്ത്-3, കര്‍ണാടക-2 മധ്യപ്രദേശ്, തമിഴ്നാട് ബിഹാര്‍, പഞ്ചാബ്, ഡല്‍ഹി, പശ്ചിമബംഗാള്‍, ജമ്മു കശ്മീര്‍ ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലായി ഓരോ ആളുകളും മരിച്ചു.
Discussion about this post