പുണെ: കൊറോണ വൈറസിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഇലക്ട്രോൺ മൈക്രോസ്‌കോപ് ചിത്രം പുറത്തുവിട്ട് രാജ്യത്തെ ശാസ്ത്രജ്ഞർ. പുണെ ICMR NIV യിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് ചിത്രം പകർത്തിയത്. ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്‌കോപ് ഉപയോഗിച്ച് പകർത്തിയ ചിത്രം ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസേർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജനുവരി 30ന് കേരളത്തിലാണ് ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിയുടെ തൊണ്ടയിൽ നിന്ന് സ്രവമെടുത്ത് പുണെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചിരുന്നു. കോവിഡ് 19 രോഗത്തിനു കാരണമായ സാർസ് കോവ്2 വൈറസിന്റെ ജീൻ സീക്വൻസിങ്ങ് കേരളത്തിൽ നിന്നുള്ള ഈ സാംപിളുകൾ ഉപയോഗിച്ചാണ് ആദ്യമായി ഇന്ത്യയിൽ നടത്തിയത്. വുഹാനിലെ വൈറസുമായി 99.98 % ഈ വൈറസിന് ചേർച്ചയുള്ളതായും കണ്ടെത്തിയിരുന്നു.
കൊറോണ വൈറസിന്റെ രൂപത്തോട് വളരെയധികം സാദൃശ്യവുമുണ്ട് ഇന്ത്യയിൽ കണ്ടെത്തിയ വൈറസിനും. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പുണെയിലെ ഇലക്ട്രോൺ മൈക്രോസ്‌കോപി വിഭാഗം തലവൻ അതാനു ബസു എന്നിവരടങ്ങിയ സംഘമാണ് ഇലക്ട്രോൺ മൈക്രോസ്‌കോപിക് ഇമേജ് വിശദീകരിക്കുന്ന പ്രബന്ധം രചിച്ചത്.
Discussion about this post