ന്യൂഡൽഹി: രാജ്യത്ത് കൊറോണ അതിവേഗം പടർന്നുപിടിക്കുന്നതിനിടെ കൈമലർത്തി കേന്ദ്ര സർക്കാർ. രാജ്യ വ്യാപകമായി കൊവിഡ് 19 വ്യാപിക്കാനുള്ള കാരണം സംസ്ഥാനങ്ങളുടെ അശ്രദ്ധയാണെന്ന് കേന്ദ്രം കുറ്റപ്പെടുത്തിയിരിക്കുകയാണ്. വിദേശത്ത് നിന്ന് എത്തിയവരെ കൃത്യമായി നിരീക്ഷിക്കാത്താണ് കൊവിഡ് 19 രാജ്യത്ത് റിപ്പോർട്ട് ചെയ്യാനുള്ള കാരണമെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നൽകിയ കത്തിൽ പറയുന്നു.
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തിയവരും കൊവിഡ് 19 പരിശോധനക്ക് വിധേയരായവരും തമ്മിലുള്ള അന്തരം വലുതായണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാലയളവിൽ വിമാനത്തിൽ വിദേശത്ത് നിന്ന് രാജ്യത്തെത്തിയ 15 ലക്ഷത്തോളം പേരെ നിരീക്ഷിക്കണമെന്നും കത്തിൽ പറഞ്ഞു.
ജനുവരി 18നാണ് രാജ്യത്ത് വിമാനത്താവളത്തിൽ നിന്ന് എത്തുന്നവരെ പരിശോധനക്ക് വിധേയരാക്കി തുടങ്ങിയത്. രാജ്യത്ത് ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ല. വിദേശ രാജ്യ യാത്ര നടത്തിയവരോ രോഗികളുമായി സമ്പർക്കമുള്ളവർക്കോ മാത്രമാണ് രോഗബാധ റിപ്പോർട്ട് ചെയ്തതെന്ന് ഗൗബ കത്തിൽ പറഞ്ഞു. മാനദണ്ഡങ്ങൾ അനുസരിച്ച് വിദേശത്ത് നിന്നെത്തിയവരെ നിരീക്ഷിക്കണമെന്നും ക്യാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി. ഇന്ത്യയിൽ ഇതുവരെ 775 പേർക്ക് രോഗം ബാധിച്ചുവെന്നാണ് വിവരം. 17 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രോഗവ്യാപനം തടയാൻ സമ്പൂർണ്ണ ലോക്ക്ഡൗണാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Discussion about this post