ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയിൽ വിശപ്പ് സഹിക്കാനാകാതെ ദലിത് കുട്ടികൾ പുല്ല് ഭക്ഷണമാക്കിയെന്ന വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകന് നോട്ടീസ്. തെറ്റായ വിവരം പ്രചരിപ്പിച്ചെന്ന് കാണിച്ചാണ് ജൻസന്ദേശ് ടൈംസ് ന്യൂസ് എഡിറ്റർ വിജയ് വിനീതിനാണ് ജില്ല ഭരണകൂടം നോട്ടീസ് നൽകിയത്. വാരാണസിയിലെ ബാരോഗാവ് ബ്ലോക്കിലെ കൊയിരിപുർ ഗ്രാമത്തിൽ ദളിത് വിഭാഗത്തിൽപ്പെട്ട കുട്ടികൾ വിശപ്പ് സഹിക്കാതെ പുല്ലു തിന്നെന്ന വാർത്തയാണ് വിജയ് വിനീതു മനീഷ് മിശ്രയും റിപ്പോർട്ട് ചെയ്തത്. ചിത്രം സഹിതമായിരുന്നു റിപ്പോർട്ട്. വാർത്തയും ചിത്രവും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി.
വാട്ട്‌സ്ആപ്പിലാണ് ആദ്യം നോട്ടീസ് ലഭിച്ചതെന്നും പിന്നീട് പോലീസ് വീട്ടിലെത്തി നൽകിയെന്നും വിനീത് ദ വീക്കിനോട് പറഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റാണ് നോട്ടീസ് നൽകിയത്. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നും നോട്ടീസിൽ പറയുന്നു. വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് സംഭവം അന്വേഷിക്കാൻ സംഘത്തെ നിയോഗിച്ചിരുന്നു. ഭക്ഷ്യയോഗ്യമായ അഖ്രി ദാൽ എന്ന പുല്ലാണ് കുട്ടികൾ തിന്നതെന്നും ഗോതമ്പ് പാടത്ത് സാധാരണയായി ഉണ്ടാകുന്നതാണെന്നും അന്വേഷണ സംഘം റിപ്പോർട്ട് നൽകി. എന്നാൽ, പുല്ല് ഭക്ഷ്യയോഗ്യമല്ല. അമിതമായി കഴിച്ചാൽ പശുക്കൾക്ക് പോലും രോഗമുണ്ടാകുന്ന പുല്ലാണ് അതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും പിന്നോക്ക വിഭാഗമായ മുസാഹർസ് വിഭാഗത്തിലെ കുട്ടികളാണ് പുല്ല് തിന്നത്. എല്ലാ മേഖലയിലും വളരെ പിന്നിലാണ് ഈ സമുദായം. വാരണാസിയിൽ താമസിക്കുന്ന മുസാഹർസ് വിഭാഗക്കാർ പട്ടിണിയിലും കൊടിയ ദാരിദ്ര്യത്തിലുമാണ് ജീവിതം നയിക്കുന്നത്.