ന്യൂഡൽഹി: കൊവിഡ് 19 രോഗത്തെ പ്രതിരോധിക്കാനായി ഇന്ത്യയിലേക്ക് ജനുവരി 18ന് ശേഷം വിദേശത്ത് നിന്നെത്തിയ എല്ലാവരെയും നിരീക്ഷിക്കണമെന്ന് കേന്ദ്ര നിർദേശം. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ഇതുസംബന്ധിച്ചുള്ള കത്ത് എല്ലാ ചീഫ് സെക്രട്ടറിമാർക്കും നൽകി. ഇക്കാലയളവിൽ 15 ലക്ഷം പേർ വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയെന്നാണ് കണക്കുകൾ.
ലോകത്ത് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ രാജ്യത്തെ വിമാനത്താവളങ്ങിൽ സ്ക്രീനിംഗ് ഏർപ്പെടുത്താൻ ജനുവരി 18 മുതലാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. എല്ലാ വിമാന സർവ്വീസുകളും ഈ മാസം 23 നുള്ളിൽ നിർത്തിവച്ചിരുന്നു. അതുവരെ ഏതാണ്ട് 15 ലക്ഷംപേർ ഇന്ത്യയിലേക്ക് വന്നെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ കേന്ദ്രസർക്കാരിന് നൽകിയ കണക്കുകളിൽ വ്യക്തമാക്കുന്നു.
അതേസമയം, സംസ്ഥാന സർക്കാരുകൾ നൽകുന്ന കണക്കുകളിൽ അതിനെക്കാൾ കുറവ് ആളുകളാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ നിരീക്ഷണം കൂടുതൽ കർശനമാക്കണമെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന നിർദേശം.
Discussion about this post