ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായവർക്ക് ഭക്ഷണമെത്തിക്കാൻ ഇന്ത്യൻ റെയിൽവെ തയ്യാറെടുക്കുന്നു. ദരിദ്രർക്കും, ഭവന രഹിതർക്കുമാണ് ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിസി വിഭാഗം ഭക്ഷണം വിതരണം ചെയ്യുന്നത്. ലോക്ക് ഡൗൺ അനസാനിക്കുന്നത് വരെ ഇത്തരത്തിൽ സൗജന്യ ഭക്ഷണം വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഐആർടിസിയുടെ എല്ലാ സോണൽ ആസ്ഥാനങ്ങൾക്കും നിർദേശം ലഭിച്ചിട്ടുണ്ട്. സോണൽ ആസ്ഥാനങ്ങളിലാണ് ആളുകൾക്കുള്ള ഭക്ഷണം ലഭ്യമാകുക. അച്ചാർ, കിച്ചടി തുടങ്ങിയ നാടൻ വിഭവങ്ങൾ അടങ്ങിയ ഭക്ഷണമാണ് സൗജന്യമായി വിതരണം ചെയ്യുക. ഒരു ദിവസം അതാത് പ്രദേശങ്ങളിലെ 3,000 മുതൽ 5,000 വരെ ആളുകൾക്കുള്ള ഭക്ഷണം തയ്യാറാക്കാനാണ് ഇത്തരത്തിൽ തയ്യാറെടുക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
അതാത് സോണൽ പരിധിയിലെ ദരിദ്രരെയും ഭവന രഹിതരായ ആളുകളെയും കണ്ടെത്തുക ഏറെ പ്രയാസം നിറഞ്ഞതാണെന്ന് കളക്ടീവ് ഫോർ ഹോംലെസ്സ് സംഘടന കൺവീനർ ബ്രിജേഷ് ആര്യ പറഞ്ഞു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇവിടങ്ങളിലേക്ക് എത്തിപ്പെടുക എന്നത് അതിലും പ്രയാസകരമാണ്. നിലവിലെ സാഹചര്യത്തിൽ വലിയ വെല്ലുവിളിയാണ് ഐആർസിടിസി ഏറ്റെടുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Discussion about this post