ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം.
ലോക്ക് ഡൗണിനെ വാട്ടര്‍ഷെഡ് മൂവ്‌മെന്റ് എന്നാണ് ചിദംബരം വിശേഷിപ്പിച്ചത്. രാജ്യത്തെ കൊവിഡ് 19 വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ പ്രധാനമന്ത്രിയാണ് സൈന്യാധിപന്‍ എന്നും ജനങ്ങളാണ് അദ്ദേഹത്തിന്റെ സൈനികരെന്നുമാണ് ചിദംബരം പറഞ്ഞത്. പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും ആവശ്യമായ പിന്തുണ നല്‍കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പത്ത് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കുന്ന തുക ഇരട്ടിയാക്കണം. പാവപ്പെട്ടവര്‍ക്ക് ക്ഷണവും പണവും ലഭ്യമാക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടില്‍ മൂവായിരം രൂപ നിക്ഷേപിക്കണം. അതുപോലെ തന്നെ നഗരങ്ങളിലെ അന്തേവാസികളായ പാവപ്പെട്ടരുടെ അക്കൗണ്ടിലേക്ക് 6000 രൂപ നല്‍കണം. കൂടാതെ റേഷന് കാര്‍ഡ് ഉടമകള്‍ക്ക് പത്ത് കിലോ അരിയോ ഗോതമ്പോ പൊതുവിതരണ സമ്പ്രദായത്തിലൂടെ തീര്‍ത്തും സൗജന്യമായി നല്‍കണം. തെരുവുകളില്‍ താമസിക്കുന്ന നിരാലംബരായവര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ നല്‍കി അതിലേക്ക് 3000 രൂപ നിക്ഷേപിക്കണം. തൊഴിലാളികള്‍ക്ക് നിലവിലെ തൊഴില്‍ സാഹചര്യങ്ങളും വേതനവും നിലനിര്‍ത്താന്‍ തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കണം ഇതൊക്കെയാണ് ചിദംബരം മുന്നോട്ടു വെച്ച പ്രധാന നിര്‍ദേശങ്ങള്‍
Discussion about this post