ശ്രീനഗര്‍: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധമൂലം ഒരാള്‍ കൂടി മരിച്ചു. ശ്രീനഗറില്‍ ചികിത്സയിലുള്ള 65 കാരനാണ് മരിച്ചത്. അതേസമയം ഇയാളുടെ കുടുംബത്തിലെ നാല് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതുവരെ 5124 പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. 3061 ആളുകള്‍ ഹോം ക്വാറന്റൈനിലും 80 ആളുകള്‍ ആശുപത്രികളിലും, 1477 ആളുകള്‍ വീടുകളില്‍ നിരീക്ഷണത്തിലുമാണ് കഴിയുന്നത്.
അതേസമയം മുംബൈയിലെ വകോലയിലെ ചേരിയില്‍ ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ വീണ്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇറ്റലിയില്‍ നിന്ന് നാട്ടിലെത്തിയ ആള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കസ്തൂര്‍ബാ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 600 കവിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്ത് 606 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം മാത്രം പുതുതായി 44 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് വൈറസ് ബാധമൂലം ഇതുവരെ മരിച്ചത് പത്ത് പേരാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനമായ മിസോറാമിലും മണിപ്പൂരിലും ഓരോ ആള്‍ക്ക് വീതം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ബീഹാര്‍, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നെല്ലാം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ ദിവസം ഒമ്പത് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Discussion about this post