ലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും കൊറോണ ബാധിച്ചെന്ന് ഭീതി; കെഎസ്ആർടിസി ഡ്രൈവർ ജീവനൊടുക്കി

മംഗളൂരു: തനിക്ക് കൊറോണ വൈറസ് ബാധയേറ്റെന്ന ഭീതിയെ തുടർന്ന് കർണാടക ആർടിസിയിലെ ഡ്രൈവറായിരുന്ന 56കാരൻ ആത്മഹത്യ ചെയ്തു. കർണാടക ഉഡുപ്പി ജില്ലയിലെ ഉപ്പൂർ ഗ്രാമത്തിൽ നാർനാട് നിവാസിയായ ഗോപാലകൃഷ്ണ മാഡിവാലയാണ് ജീവനൊടുക്കിയത്.

എന്നാൽ ഇയാൾക്ക് കൊറോണ വൈറസിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച പുലർച്ചെയാണ് ഗോപാലകൃഷ്ണയെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊറോണയെന്ന് സംശയിക്കുന്നതിനാൽ മരിക്കുകയാണെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പും സമീപത്തു നിന്നും കണ്ടെടുത്തു.

ആത്മഹത്യാ കുറിപ്പിൽ വീട്ടുകാരോട് സുരക്ഷിതരായി തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണയാണെന്ന് സംശയമുള്ളതായി ഗോപാലകൃഷ്ണ സുഹൃത്തിനോട് പറഞ്ഞിരുന്നതായും പ്രദേശവാസികൾ പറഞ്ഞു. കെഎസ്ആർടിസി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഗോപാലകൃഷ്ണ അടുത്തിടെ പുതിയ ഡ്രൈവർമാരുടെ പരിശീലകനായും നിയമിക്കപ്പെട്ടിരുന്നു. ഒരുപാട് പേരോട് അടുത്തിടപഴകുന്നതിനാൽ രോഗം ബാധിച്ചിട്ടുണ്ടാകാം എന്ന ഭയമാണ് ഇദ്ദേഹത്തിന്റെ ജീവനെടുത്തത്.

Exit mobile version