ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിരുടെ എണ്ണം 600 കവിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്ത് 606 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം മാത്രം പുതുതായി 44 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് വൈറസ് ബാധമൂലം ഇതുവരെ മരിച്ചത് പത്ത് പേരാണെന്നാണ്.
വടക്ക് കിഴക്കന്‍ സംസ്ഥാനമായ മിസോറാമിലും മണിപ്പൂരിലും ഓരോ ആള്‍ക്ക് വീതം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ബീഹാര്‍, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നെല്ലാം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ ദിവസം ഒമ്പത് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
അതേസമയം മധ്യപ്രദേശിലെ ഒരു മാധ്യമപ്രവര്‍ത്തകന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഭോപ്പാലിലെ 200ഓളം മാധ്യമപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ രോഗം സ്ഥീരികരിച്ച മാധ്യമപ്രവര്‍ത്തകനും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.