മുംബൈ: ലോകപ്രശസ്തനായ ഇന്ത്യന്‍ പാചകവിദഗ്ധന്‍ കൊറോണ രോഗം ബാധിച്ച് മരിച്ചു. ഫ്ലോയ്ഡ് കാര്‍ഡോസ് (59)ആണ് മരിച്ചത്. മുംബൈയില്‍ മാര്‍ച്ച് ഒന്നിന് നടന്ന 200ഓളം പേര് പങ്കെടുത്ത ബോംബെ കാന്റീനിന്റെ അഞ്ചാംവാര്ഷികവിരുന്നിലടക്കം ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
പ്രശസ്ത ഭക്ഷ്യശൃംഖലയായ ബോംബെ കാന്റീനിന്റെ ശില്പികളിലൊരാളു കൂടിയായ ഫ്ലോയ്ഡ് കാര്‍ഡോസ് തന്നെയാണ് ബോംബെ കാന്റീനിന്റെ അഞ്ചാംവാര്‍ഷികവിരുന്ന് ഒരുക്കിയത്. ഫ്ലോയ്ഡിന് കൊറോണ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിലെ ഉന്നതതലങ്ങളില്‍ പരിഭ്രാന്തിക്കു കാരണമായിട്ടുണ്ട്.
വിരുന്നൊരുക്കിയതിന് ശേഷം മാര്‍ച്ച് എട്ടിന് അദ്ദേഹം മുംബൈയില്‍നിന്ന് ഫ്രാങ്ക്ഫുര്‍ട് വഴി ന്യൂയോര്‍ക്കിലെത്തി. മാര്‍ച്ച് 18-നാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം, താന്‍ കൊറോണ രോഗം സംശയിച്ച് ആശുപത്രിയിലാണെന്ന വിവരം കാര്‍ഡോസ് കഴിഞ്ഞ ദിവസം സമൂഹികമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
അദ്ദേഹത്തിന്റെ മരണവിവരം ബുധനാഴ്ചയാണ് ബോംബെ കാന്റീനിന്റെ ഉടമസ്ഥകമ്പനിയായ ഹംഗര്‍ ഇന്‍കോര്‍പ്പറേറ്റഡ് അറിയിച്ചത്. മുംബൈയിലെ ചടങ്ങില്‍ പങ്കെടുത്തവരെയും ഹോട്ടലിലെ പാചകക്കാരെയും ഉദ്യോഗസ്ഥരെയും എല്ലാം വിവരം അറിയിച്ചിരുന്നെന്നും എന്നാല്‍ ആര്‍ക്കും രോഗലക്ഷണമൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഹംഗര്‍ ഇന്‍കോര്‍പ്പറേറ്റഡ് അറിയിച്ചു.
മുംബൈയില്‍വെച്ച് കാര്‍ഡോസുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അധികൃതര്‍. എന്നാല്‍ ഇത് എത്രത്തോളം വിജയകരമായിരിക്കുമെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്.
Discussion about this post