ന്യൂഡല്‍ഹി: രാജ്യത്തെ തീവണ്ടി ഗതാഗതം ഏപ്രില്‍ 14 വരെ റദ്ദാക്കി. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ 21 ദിവസം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് യാത്ര തീവണ്ടികള്‍ റദ്ദാക്കിയ നടപടി റെയില്‍വേ നീട്ടിയത്. പാസഞ്ചര്‍ ട്രെയിനുകള്‍, സബര്‍ബന്‍ ട്രെയിനുകള്‍, മെട്രോ ട്രെയിനുകള്‍ എന്നിവയ്ക്ക് ഇത് ബാധകമാണെന്ന് റെയില്‍വേ അറിയിച്ചു.
അതേസമയം ചരക്കുതീവണ്ടികള്‍ തടസ്സം കൂടാതെ സര്‍വീസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നേരത്തെ മാര്‍ച്ച് 31 വരെ രാജ്യത്തെ എല്ലാ യാത്ര തീവണ്ടികളും നിര്‍ത്തിവെച്ചതായി റെയില്‍വേ അറിയിച്ചിരുന്നു. ഈ ഉത്തരവാണ് വീണ്ടും റയില്‍വേ നീട്ടിയത്.