ന്യൂഡല്‍ഹി; രാജ്യത്ത് കൊവിഡ് 19 പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ഫ്‌ളിപ് കാര്‍ട്ട് ഇന്ത്യയിലെ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. കൊവിഡ് 19 ഭീഷണിയായതോടെ ജീവനക്കാര്‍ ജോലിക്കെത്തുന്നത് കുറയുകയും കൊറിയര്‍ സര്‍വീസുകളുടെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് 21 ദിവസത്തെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെയാണ് സേവനം നിര്‍ത്തിവെയ്ക്കുന്നതെന്ന് ഫ്‌ളിപ് കാര്‍ട്ട് വ്യക്തമാക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ ജോലിക്കെത്തുന്നത് കുറഞ്ഞതും കൊറിയര്‍ സര്‍വീസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടതും ഓണ്‍ലൈന്‍ വ്യാപാര മേഖലയെ ബാധിച്ചിരുന്നു.
അതേസമയം, ഇത് താത്കാലികമായുള്ള സേവനം നിര്‍ത്തിവെയ്ക്കലാണെന്നും കൊവിഡ് 19 ഭീതിയകന്നാല്‍ ഏറ്റവും വേഗത്തില്‍ തന്നെ ഉപഭോക്താക്കള്‍ക്കായി സേവനങ്ങള്‍ പുനരാരംഭിക്കുമെന്നും ഫ്‌ളിപ് കാര്‍ട്ട് അറിയിച്ചു.