ഹൈദരാബാദ്: രാജ്യം കൊറോണ ഭീതിയിൽ വിറങ്ങലിച്ചുനിൽക്കുമ്പോഴും സർക്കാരിന്റെ നിർദേശം പാലിക്കാൻ തയ്യാറാകാതെ തെലങ്കാന പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടും മകനും. അധികാരത്തിന്റെ ഗർവ്വ് ഉപയോഗിച്ച് ചോദ്യം ചെയ്യുന്നവർക്കെതിരെ തട്ടിക്കയറുകയും ക്വാറന്റൈൻ ലംഘിക്കുകയും ചെയ്ത ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു. ഇവർക്ക് പിന്നീട് നടത്തിയ പരിശോധനയിൽ കൊവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തു.
പോലീസ് ഉദ്യോഗസ്ഥനും 23കാരനായ മകനും അടുത്തിടെയാണ് ലണ്ടനിൽ നിന്നും തിരിച്ചെത്തിയത്. വിദേശത്ത് നിന്നും തിരിച്ചെത്തിയവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദേശിച്ചിരുന്നെങ്കിലും പാലിക്കാൻ കൂട്ടാക്കിയിരുന്നില്ല. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ ഇവർ പ്രദേശത്തെ ഒരു സലൂണിൽ മുടിമുറിക്കാനായി പോയിരുന്നു. കുടുംബത്തിലെ ചടങ്ങിൽ പങ്കെടുക്കുകയും ആന്ധ്രാപ്രദേശിലെ ഗോദാവരിയിലേക്കു യാത്ര ചെയ്യുകയും ചെയ്താണ് വിവരം.
എന്നാൽ ഇതിനുപിന്നാലെ ഇവർക്ക് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുവർക്കും കോവിഡ്19 ബാധയുള്ളതായി വ്യക്തമാവുകയായിരുന്നു. നിർദേശം ലംഘിച്ച് പുറത്തിറങ്ങിയ ഇവർക്കെതിരെ ഐപിസി 188 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന്റേയും മകന്റേയും സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി വരികയാണ്. തെലങ്കാനയിൽ ഇതുവരെ 26 പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചിരിക്കുന്നത്.