ന്യൂഡൽഹി: കൊവിഡ് സാമ്പത്തിക മേഖലയേയും സാധാരണക്കാരുടെ ജീവിതത്തേയും സാരമായി ബാധിച്ചിട്ടും ഉടനെയൊന്നും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സർക്കാർ. കേരളം മാതൃക കാണിച്ചിട്ടും പിന്തുടരാൻ മനസില്ലെന്നാണ് ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന. കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ബഹുഭൂരിപക്ഷം മേഖലയിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആദായനികുതി റിട്ടേണിന്റെയും ജിഎസ്ടി റിട്ടേണിന്റെയും തീയതികൾ നീട്ടി ധനമന്ത്രി നിർമ്മല സീതാരാമൻ ഉത്തരവിറക്കിയത് മാത്രമാണ് കേന്ദ്രത്തിന്റെ വക തീരുമാനം.
മാർച്ച് 31നകം ആദായനികുതി റിട്ടേൺ നൽകേണ്ടിയിരുന്നത് ജൂൺ 30ലേക്ക് നീട്ടി. ആദായനികുതിയുമായി ബന്ധപ്പെട്ട മറ്റ് സെറ്റിൽമെന്റുകളും നോട്ടീസുകളും എല്ലാം ജൂൺ 30നകം തീർപ്പാക്കിയാൽ മതി. ആദായനികുതി വൈകിയാലുള്ള പിഴ 12 ശതമാനത്തിൽ നിന്ന് 9 ശതമാനമാക്കി കുറച്ചിട്ടുണ്ട്.
ഒപ്പം ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതിയും ജൂൺ 30 ആക്കി നീട്ടിയിട്ടുണ്ട്. ഇതിന് മുമ്പ് മാർച്ച് 31നകം ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കണമെന്നാണ് അന്തിമനിർദേശം നൽകിയിരുന്നത്.
ജിഎസ്ടി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30 ആക്കി ദീർഘിപ്പിച്ചു. ജിഎസ്ടി റിട്ടേൺ നൽകാൻ വൈകുന്ന ചെറു കമ്പനികൾക്ക്, അതായത് ടേണോവർ അഞ്ച് കോടി രൂപയിൽ താഴെയുള്ള കമ്പനികൾക്ക് ലേറ്റ് ഫീയോ, പിഴയോ, ഇതിന്റെ പലിശയോ ഈടാക്കില്ലെന്നും ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. അഞ്ച് കോടി രൂപയ്ക്ക് മുകളിൽ ടേണോവറുള്ള കമ്പനികൾക്ക് പിഴയും ലേറ്റ് ഫീയും ഉണ്ടാകില്ല. പക്ഷേ, ഇതിന്റെ പലിശ നൽകേണ്ടി വരും. വിവാദ് സെ വിശ്വാസ് പ്രകാരം കേസുകൾ നികുതി അടച്ച് ഒത്തുതീർപ്പാക്കാനും ജൂൺ 30 വരെ സമയം നൽകും.
എന്നാൽ, ജനങ്ങൾ ഈ സമയത്ത് ഏറെ ആഗ്രഹിക്കുന്ന ഒരു അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ നിർമ്മല സീതാരാമൻ തയ്യാറായില്ല. നിലവിൽ അത്തരമൊരു പാക്കേജിന്റെ പണിപ്പുരയിലാണെന്നും, വൈകാതെ പാക്കേജ് പ്രഖ്യാപിക്കാമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. എന്നാൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം രാജ്യത്തില്ലെന്നും, അത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും ധനമന്ത്രി പറഞ്ഞു.
നേരത്തെ, ലോക്ക് ഡൗൺ പ്രഖ്യാപിച്ചാൽ മാത്രം പോരാ, ഇത് നേരിടാൻ വേണ്ട സാമ്പത്തിക സഹായം സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുകയും വേണമെന്ന് ധനമന്ത്രി തോമസ് ഐസക് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തിയിരുന്നു.
Discussion about this post