ന്യൂഡല്‍ഹി: രാജ്യത്ത് ഇന്റര്‍നെറ്റ് വേഗത കുറയാന്‍ സാധ്യത. കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രെം ഹോം നടപ്പിലാക്കിയതും ജനങ്ങള്‍ വീട്ടിലിരിക്കാനും തുടങ്ങിയതോടെ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതാണ് രാജ്യത്ത് കണക്റ്റിവിറ്റി പ്രശ്‌നങ്ങളുണ്ടാക്കാന്‍ വഴിയൊരുക്കുന്നത്.
കേരളം ഉള്‍പ്പടെ 19 സംസ്ഥാനങ്ങളും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളും അടച്ചിടല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ടി വരികയും ആളുകള്‍ക്ക് പരമാവധി സമയം വീട്ടില്‍ ചെലവിടേണ്ടി വരികയും ചെയ്യും. ആളുകള്‍ വീട്ടിലിരുന്ന് വര്‍ക്ക് ചെയ്യുന്നതിന്റെയും മറ്റുള്ളവര്‍ സോഷ്യല്‍മീഡിയയിലും മറ്റും സജീവമായിരിക്കുന്നതിന്റെയും സാഹചര്യത്തില്‍ വീടുകളിലെ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയും മൊബൈല്‍ ഇന്റര്‍നെറ്റും പതിവില്‍ കൂടുതലായി ഉപയോഗിക്കുന്ന സ്ഥിതി വരും.
ഇത് നെറ്റ് വര്‍ക്കില്‍ തിരക്കനുഭവപ്പെടാനും തുടര്‍ന്ന് ഇന്റര്‍നറ്റ് കണക്റ്റിവിറ്റിയില്‍ തടസങ്ങള്‍ നേരിടാനും കാരണമാവും. യുറോപ്പിലെ സാഹചര്യം ഇങ്ങനെയായിരുന്നു. വീട്ടിലിരുന്നു കൊണ്ടുള്ള വിനോദങ്ങള്‍ക്കും ജോലിക്കും തുടര്‍ച്ചയായ ഇന്റര്‍നെറ്റ് ലഭിക്കാതെ വന്നു. പരാതി ഉയര്‍ന്നതോടെ ഡാറ്റാ ഉപയോഗം പരിമിതപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് അധികൃതര്‍ ചെയ്തത്.
ഈ അവസ്ഥ ഇന്ത്യയിലും ഉണ്ടാവാനാണ് സാധ്യത. വരുംദിവസങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കുന്നതിലൂടെ കണക്ടിവിറ്റിയിലും പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. പ്രത്യേകിച്ചും വ്യവസായ കേന്ദ്രങ്ങളായ നഗരങ്ങളില്‍ ഇന്റര്‍നെറ്റ് വേഗത കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.