ന്യൂഡൽഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 511 ആയി ഉയർന്നു. മഹാരാഷ്ട്രയിലും കർണാടകയിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം വർധിച്ചത്. ചൊവ്വാഴ്ച രാജ്യത്താകമാനം 12 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഗുജറാത്തിലും മണിപ്പുരിലും പുതിയ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 10 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോവിഡ് ബാധിതരായ 511 പേരിൽ 36 പേർ രോഗമുക്തി നേടിയെന്നാണ് കണക്ക്. ഇതിൽ നാലുപേർ കേരളത്തിൽ നിന്നുള്ളവരാണ്.
അതേസമയം, തിങ്കളാഴ്ച മാത്രം 99 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് രാജ്യത്തിന് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. യുകെയിലേക്ക് യാത്രപോയ മണിപ്പുരിൽ നിന്നുള്ള 23കാരന് രോഗം സ്ഥിരീകരിച്ചതോടെ കൊറോണ വ്യാപനമേൽക്കാതിരുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. തിങ്കളാഴ്ച മാത്രമായി 23 കേസുകളാണ് ഇവിടെ പുതുതായി വന്നത്. 97 കോവിഡ് ബാധിതരെയാണ് മഹാരാഷ്ട്രയിൽ ഇതുവരെ സ്ഥിരീകരിച്ചത്. 95 കേസുകളുമായി കേരളം തൊട്ടു പിറകെയുണ്ട്. കർണാടകയിൽ 37 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മാത്രം നാലു കേസുകൾ സ്ഥിരീകരിച്ചു. 10 വിദേശികളുൾപ്പെടെ തെലങ്കാനയിൽ 33പേരിൽ കൊവിഡ് സ്ഥിരീകരിച്ചു. 33 പോസിറ്റീവ് കേസുകളാണ് ഉത്തർപ്രദേശിലുള്ളത്.
ഗുജറാത്ത്(30), ഡൽഹി(29), രാജസ്ഥാൻ(32), ഹരിയാന(26), പഞ്ചാബ്(23), ലഡാക്ക്(13), തമിഴ്നാട്(12), പശ്ചിമബംഗാൾ(7), മധ്യപ്രദേശ്(6), ചണ്ഡീഗഡ്(6),ആന്ധ്രപ്രദേശ്(7),ജമ്മുകശ്മീർ(4), ഉത്തരാഖണ്ഡ്(5), ഹിമാചൽ പ്രദേശ്(3),ബീഹാർ(2), ഒഡിഷ2) പുതുച്ചേരി(1). ചത്തീസ്ഗഡ്(1) എന്നിങ്ങനെയാണ് അതത് സംസ്ഥാനങ്ങൾ പുറത്തുവിട്ട കൊവിഡ് രോഗികളുടെ എണ്ണം.
Discussion about this post