കൊറോണ വൈറസ് വ്യാപനം; ഷഹീന്‍ബാഗില്‍ നിന്ന് പൗരത്വ നിയമത്തിനെതിരായ സമരക്കാരെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തു, പ്രതിഷേധ സ്ഥലം വൃത്തിയാക്കും

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ ഷഹീന്‍ബാഗില്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ട് നാളുകള്‍ ഏറെയായി പിന്നിടുന്നു. ഇപ്പോഴും ഇക്കാര്യത്തില്‍ തീര്‍പ്പില്ലാതെ സമരം മുന്‍പോട്ട് പോവുകയാണ്. സംസ്ഥാനത്ത് കൊറോണ വൈറസ് ഭീതി പടര്‍ന്നിട്ടും സമരക്കാര്‍ പിന്നോട്ട് പോകുവാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സമരക്കാരെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തിരിക്കുകയാണ്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഡല്‍ഹി പൂര്‍ണ്ണമായും അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. തുടര്‍ച്ചയായ 101 ദിവസത്തെ സമരത്തിന് ശേഷമാണ് ഇവരെ പൂര്‍ണ്ണമായും ഒഴിപ്പിക്കാനായത്. ഇന്ന് രാവിലെ ഏഴു മണിയോടെ പോലീസ് ഷഹീന്‍ബാഗിലെത്തി പ്രതിഷേധക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിഷേധക്കാര്‍ ഇതിന് തയ്യാറാകാതിരുന്നതോടെ ബലംപ്രയോഗം നടത്തിയാണ് ഒഴിപ്പിച്ചതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു.

കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആറ് സ്ത്രീകളും മൂന്ന് പുരുഷന്‍മാരുടക്കം ഒമ്പതു പേര് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെ പ്രതിഷേധ സ്ഥലം വൃത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു. ഡല്‍ഹിയില്‍ 30 ഓളം പേര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version