ചെന്നൈ: രാജ്യത്ത് വൈറസ് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. അതേസമയം ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും പരിഹസിച്ചതിന് ലഭിച്ച ശിക്ഷയാണ് കൊറോണ വൈറസ് എന്ന വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ്‌നാട് ക്ഷീര വികസന മന്ത്രി കെടി രാജേന്ദ്ര ബാലാജി.
ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും പരിഹസിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിച്ച ശിക്ഷയാണ് കൊറോണ വൈറസ് എന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. അതേസമയം മന്ത്രിയുടെ ട്വീറ്റ് വിവാദമായതോടെ അദ്ദേഹത്തെ എഐഎഡിഎംകെയുടെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയിരിക്കുകയാണ്. വിരുത്‌നഗര്‍ ജില്ലാ സെക്രട്ടറി പദവിയില്‍ നിന്നാണ് രാജേന്ദ്ര ബാലാജിയെ നീക്കിയത്.
എഐഎഡിഎംകെ കോഓഡിനേറ്റര്‍ ഒ പനീര്‍സെല്‍വം, ജോയിന്റ് കോ ഓഡിനേറ്റര്‍ എടപ്പാടി പളനിസ്വാമി എന്നിവരാണ് തീരുമാനം പ്രഖ്യാപിച്ചത്. മന്ത്രിയുടെ ഈ പ്രസ്താവനയെ അവര്‍ രൂക്ഷമായി അപലപിക്കുകയും ചെയ്തു. നേരത്തെയും ഇത്തരത്തില്‍ വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള മന്ത്രി കൂടിയാണ് രാജേന്ദ്ര ബാലാജി.