ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടി വരികയാണ്. എട്ട് പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്. അതേസമയം കൊവിഡ് ഭീതിയെ തുടര്‍ന്ന് തീഹാര്‍ ജയിലില്‍ നിന്ന് തടവുകാരെ വിട്ടയക്കുകയാണ്. വൈറസിന്റെ വ്യാപനം തടയുന്നതിനായി അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ മൂവായിരത്തോളം തടവുകാരെ മോചിപ്പിക്കാനുള്ള നടപടികളാണ് നടത്തുന്നത് എന്നാണ് തീഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കിയത്.
മൂവായിരം തടവുകാരില്‍ 1500 ഓളം തടവുകാര്‍ക്ക് പരോളോ അല്ലെങ്കില്‍ താല്‍ക്കാലിക വിടുതലോ ആണ് നല്‍കുക. ബാക്കി വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തില്‍ വിട്ടയക്കുകയാണ് ചെയ്യുന്നത്. അതേസമയം വിട്ടയക്കുന്ന തടവുകാരുടെ പട്ടികയില്‍ കൊടുംകുറ്റവാളികള്‍ ഉള്‍പ്പെടില്ലെന്നും ജയില്‍ ഡയറക്ടര്‍ അറിയിച്ചു.
രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ തടവുകാരെ വിട്ടയക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ജയിലിലെ തിരക്ക് കുറയ്ക്കുന്നതിനായി തടവുകാര്‍ക്ക് പ്രത്യേക പരോളോ താല്‍ക്കാലിക വിടുതലോ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്. ജയിലുകളിലെ തിരക്കൊഴിവാക്കുന്നതിനായി കൂടുതല്‍ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനസര്‍ക്കാരുകളോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ജയിലുള്ള ഏതെല്ലാം വിഭാഗം തടവുകാര്‍ക്ക് പരോള്‍ നല്കാമെന്നത് തീരുമാനിക്കുന്നത് ഉന്നതതല സമിതിയാണ്. ആഭ്യന്തര സെക്രട്ടറി, ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്മാന് എന്നിവരുടെ നേതൃത്വത്തിലായിരിക്കും സമിതി. നാലുമുതല്‍ ആറാഴ്ചവരെ പരോളോ ഇടക്കാലജാമ്യമോ നല്‍കുന്നത് പരിഗണിക്കണം. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കൊറോണയുടെ സാഹചര്യത്തില്‍ ജയിലുകളിലെ തിരക്കുകുറയ്ക്കുന്ന വിഷയം സ്വമേധയാ പരിഗണിച്ചാണ് ഉത്തരവ്. ശിക്ഷിക്കപ്പെട്ട് തടവില്‍ക്കഴിയുന്നവര്‍ക്കോ ഏഴു വര്‍ഷംവരെ തടവുശിക്ഷ ലഭിച്ചവര്‍ക്കോ പരോള്‍ നല്‍കാമെന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. രാജ്യത്തെ വിവിധ ജയിലുകളിലായി 4.66 ലക്ഷം തടവുകാരാണുള്ളത്.
Discussion about this post