ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു. 68 വയസുകാരനായ ഫിലിപ്പിന്‍സ് സ്വദേശിയാണ് ചികിത്സയിലിരിക്കേ മരിച്ചത്. വൃക്ക, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ച് ഇന്നലെയാണ് മരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.
ഫിലിപ്പിന്‍സ് സ്വദേശിയുടെ ആദ്യപരിശോധനാ ഫലം പോസിറ്റീവായിരുന്നെങ്കിലും, അടുത്ത ഘട്ടത്തില്‍ നടത്തിയ പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 400 കടന്നു.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 15 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 89 ആയി. കേരളത്തില്‍ 67 രോഗബാധിതരാണുള്ളത്. ഡല്ഹിയില്‍ 26 ഉം യുപിയില്‍ 29 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.