ന്യൂഡല്‍ഹി: രാജ്യത്തെ ആശങ്കയിലാക്കി മുംബൈയിലെ ചേരിയിലും വൈറസ് ബാധ സ്ഥിരീകരിച്ചു. 69 കാരിയായ വീട്ടുജോലിക്കാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്നെത്തിയ 49കാരന്റെ വീട്ടില്‍ ജോലിക്ക് നിന്ന സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടുടമയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വീട്ടുജോലിക്കാരിയെയും പരിശോധിച്ചത്. ഇവരുടെ ഫലവും പോസിറ്റീവായിരുന്നു.
ചേരി നിവാസിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബൈ സെന്‍ട്രലിലെ 23000 ചേരി നിവാസികളെയാണ് ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കേണ്ടി വന്നത്. ചേരിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത ആശങ്കയിലാണ്. ഒറ്റമുറിക്കുടിലുകളില്‍ അടുത്തിടപഴകി കഴിയുന്നവരാണ് ചേരി നിവാസികള്‍. അതുകൊണ്ടു തന്നെ സമൂഹവ്യാപനമെന്ന ഘട്ടം ഏറ്റവും വേഗത്തില്‍ പടരാന്‍ ഇടമുള്ള സ്ഥലം കൂടിയാണിത്. ഇതാണ് ആരോഗ്യ പ്രവര്‍ത്തകരില്‍ ആശങ്കയുണ്ടാവാന്‍ കാരണം. അതേസമയം ചേരി നിവാസികള്‍ പരിശോധനകളോട് സഹകരിക്കാത്തതും ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്.
അതേസമയം രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 400 കവിഞ്ഞു. കഴിഞ്ഞ ദിവസം മാത്രം 68 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ രാജ്യത്തെ കൂടുതല്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂര്‍ണമായി അടച്ചിടുകയാണ്. ഡല്‍ഹി, രാജസ്ഥാന് , പഞ്ചാബ്, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തെലങ്കാനയും ആന്ധ്രയും മുഴുവന്‍ അതിര്‍ത്തികളും അടച്ചിരിക്കുകയാണ്. കര്‍ണാടകയില്‍ ഒമ്പത് ജില്ലകളിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു നഗരത്തിലേക്കും പുറത്തേക്കും യാത്ര വിലക്കിയിരിക്കുകയാണ്.
Discussion about this post