ന്യൂഡല്‍ഹി: രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 400 കവിഞ്ഞു. കഴിഞ്ഞ ദിവസം മാത്രം 68 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേരാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധമൂലം മരിച്ചത്. അതേസമയം മുംബൈയിലെ ചേരിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത ആശങ്കയിലാണ്. 69 കാരിയായ വീട്ടുജോലിക്കാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതോടെ മുംബൈ സെന്‍ട്രലിലെ 23000 ചേരി നിവാസികളെയാണ് ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കേണ്ടി വന്നത്. ഇവിടെ എല്ലാ ദിവസവും ആരോഗ്യ പ്രവര്‍ത്തകരെത്തി പരിശോധന നടത്തുന്നുണ്ട്. ആളുകളോട് പുറത്തേക്ക് ജോലിക്ക് പോവരുതെന്ന് കര്‍ശനമായി പറഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ നിന്നെത്തിയ 49കാരന്റെ വീട്ടില്‍ ജോലിക്ക് നിന്ന സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടുടമയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വീട്ടുജോലിക്കാരിയെയും പരിശോധിച്ചത്.
അതേസമയം ചേരിയില്‍ രോഗം സ്ഥിരീകരിച്ചത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഒറ്റമുറിക്കുടിലുകളില്‍ അടുത്തിടപഴകി കഴിയുന്നവരാണ് ചേരി നിവാസികള്‍. സമൂഹവ്യാപനമെന്ന ഘട്ടം ഏറ്റവും വേഗത്തില്‍ പടരാന്‍ ഇടമുള്ള സ്ഥലം കൂടിയാണിത്. ഇത് മൂന്‍കൂട്ടി കണ്ടാത് 23000 പേരെ ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. അതേസമയം ചേരി നിവാസികള്‍ പരിശോധനകളോട് സഹകരിക്കാത്തത് ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്.
രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ രാജ്യത്തെ കൂടുതല്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂര്‍ണമായി അടച്ചിടുകയാണ്. ഡല്‍ഹി, രാജസ്ഥാന്‍ , പഞ്ചാബ്, ഉത്തരാഖണ്ഡ് , ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജമ്മുകശ്മീര്‍, ലഡാക്ക്, ചണ്ഡിഗഡ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടച്ചിടും. തെലങ്കാനയും ആന്ധ്രയും മുഴുവന്‍ അതിര്‍ത്തികളും അടച്ചിരിക്കുകയാണ്. കര്‍ണാടകയില്‍ ഒമ്പത് ജില്ലകളിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു നഗരത്തിലേക്കും പുറത്തേക്കും യാത്ര വിലക്കിയിരിക്കുകയാണ്.