ന്യൂഡൽഹി: സ്വകാര്യലബോറട്ടികളിൽ ഇനി കൊറോണ വൈറസ് പരിശോധന നടത്താം. കേന്ദ്രസർക്കാർ സ്വകാര്യ ലാബുകൾക്ക് പരിശോധനയ്ക്ക് അനുമതി നൽകി. പരിശോധനയ്ക്ക് ഈടാക്കുന്ന തുക 4,500 രൂപയിൽ കവിയാൻ പാടില്ലെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസരിച്ച് എൻഎബിഎൽ അക്രിഡേഷൻ ഉള്ള എല്ലാ സ്വകാര്യ ലബോറട്ടറികൾക്കുമാണ് കൊവിഡ് 19 പരിശോധന നടത്താനുള്ള അനുമതി നൽകിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച രാത്രിയോടെയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്
പരിശോധനയ്ക്കുള്ള പരമാവധി ചിലവ് 4,500 രൂപയിൽ കൂടരുതെന്ന് ദേശീയ ടാസ്‌ക്‌ഫോഴ്‌സും നിർദേശം നൽകി. സംശയാസ്പദകരമായ കേസുകളുടെ സ്‌ക്രീനിങ് ടെസ്റ്റിനായി 1,500 രൂപയും സ്ഥിരീകരണ പരിശോധനയ്ക്ക് 3,000 രൂപയും ഇതിൽ ഉൾപ്പെടുമെന്ന് ഉത്തരവിൽ പറയുന്നു. അതേസമയം തന്നെ ദേശീയ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സൗജന്യവും ഇളവുകൾ നൽകിയും പരിശോധന നടത്തണമെന്നും ഐസിഎംആർ ആഹ്വാനം ചെയ്തിട്ടുണ്ട്. മാർഗ്ഗനിർദേശങ്ങൾ പാലിക്കാതിരുന്നാൽ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.