ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ജനത കര്‍ഫ്യൂ ആരംഭിച്ചു. കടകളെല്ലാം ഇന്ന് അടച്ചിടും. ലോക്കല്‍ ട്രെയിനുകള്‍, ബസ്, മെട്രോ തുടങ്ങി പൊതു ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും തടസ്സപ്പെടും. രാജ്യം ഇന്ന് വീടിനുള്ളില്‍ കഴിയും.
രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ജനത കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. രാവിലെ ഏഴുമണിമുതല്‍ രാത്രി ഒമ്പതുവരെയാണ് ജനത കര്‍ഫ്യൂ.
ജനത കര്‍ഫ്യൂവിന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിവിധ പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനതകര്‍ഫ്യൂ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.എല്ലാവര്‍ക്കും ജനത കര്‍ഫ്യൂവിന്റെ ഭാഗമാകാമെന്നും ഇത് കൊറോണ വൈറസിന് എതിരായ പോരാട്ടത്തിന് കരുത്തുപകരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
നാം ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ വരാനിരിക്കുന്ന സമയത്ത് ഗുണകരമാകുമെന്നും വീടുകള്‍ക്കുള്ളില്‍ ഇരിക്കൂ ആരോഗ്യത്തോടെ ഇരിക്കൂ എന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്ത് നിരവധി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്താകമാനം കൊറോണ ബാധിച്ചുള്ള മരണം 11000 കടന്നു.
Discussion about this post